ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഐബിഎമ്മും

പ്രമുഖ ടെക് കമ്പനികള്‍ കൂട്ട പിരിച്ചുവിടല്‍ തുടരുന്നതിനിടെ ഈ പട്ടികയില്‍ ഇടം നേടുകയാണ് ഐബിഎമ്മും. ആഗോളതലത്തില്‍ ഏകദേശം 1.5 ശതമാനം ജീവനക്കാരെ ഐബിഎം (ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് കോര്‍പ്പറേഷന്‍) പിരിച്ചുവിടാനൊരുങ്ങുകയാണെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 3900 ജോലികളാകും നിലവില്‍ വെട്ടിക്കുറയ്ക്കലില്‍ ഉള്‍പ്പെടുന്നതെന്ന് ഐബിഎം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജെയിംസ് കവനോവ് പറഞ്ഞു.

പിരിച്ചുവിടല്‍ വാട്സണ്‍ ഹെല്‍ത്ത്, കിന്‍ഡ്രില്‍ എന്നീ സഹസ്ഥാപനങ്ങളെ ഒഴിവാക്കിയ ശേഷം അവശേഷിക്കുന്ന ജീവനക്കാരെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐബിഎമ്മില്‍ നിലവില്‍ 260,000 ജീവനക്കാരാണുള്ളത്. 2021 ഡിസംബറില്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ ഇത് ഏകദേശം 22,000 കുറവാണ് രേഖപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല കമ്പനിയുടെ വാര്‍ഷിക വില്‍പ്പന വളര്‍ച്ച 1.2 ശതമാനമായിരിക്കുമെന്നും വിശകലന വിദഗ്ധര്‍ കണക്കാക്കുന്നു.

ചെലവ് ചുരുക്കാനും ക്ലൗഡ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുന്നതിനാല്‍ 2.5 ശതമാനത്തോളം വരുന്ന 3000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുകയാണ് ജര്‍മ്മന്‍ സോഫ്റ്റ്‌വെയർ കമ്പനിയായ എസ്എപി. ജോലി വെട്ടിക്കുറയ്ക്കല്‍ കമ്പനിയുടെ തന്ത്രപരമായ നീക്കമാണെന്ന് എസ്എപി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ക്രിസ്റ്റ്യന്‍ ക്ലൈന്‍ പറഞ്ഞു. ഊര്‍ജച്ചെലവിലെ വര്‍ധനവിനെ തുടര്‍ന്ന രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഡൗ കമ്പനി ഏകദേശം 2000 ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നുണ്ട്. ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനായി ജര്‍മ്മനിയില്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ ഇവൈയും പദ്ധതിയിട്ടതായി റിപ്പോര്‍ട്ട് പറയുന്നു.

Related Articles
Next Story
Videos
Share it