തിരമിസു ഐസ്ക്രീം കഴിച്ചിട്ടുണ്ടോ? കത്തുന്ന ചൂടിൽ കേരളത്തിൽ ഐസ്ക്രീം വിൽപന ഉഷാർ

വേനല്‍ കടുത്തതോടെ ചൂടേറി കേരളത്തിലെ ഐസ്‌ക്രീം വില്‍പ്പന. വൈവിധ്യമാര്‍ന്ന രുചികളില്‍ വിവിധ കമ്പനികളുടെ ഐസ്‌ക്രീമുകള്‍ വിപണിയില്‍ സുലഭം. പുത്തന്‍ രുചികള്‍ പരീക്ഷിച്ചും ചെറിയ ഐസ്‌ക്രീം ബൈറ്റ്‌സ് മുതല്‍ ഫാമിലി പായ്ക്ക് ഐസ്‌ക്രീം വരെ വ്യത്യസ്ത രൂപത്തിലിറക്കിയും വില്‍പ്പനയിൽ കുതിച്ചുപായുകയാണ് ഐസ്‌ക്രീം വിപണി. ഐസ്‌ക്രീം വില്‍പ്പന ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന മാര്‍ച്ച്-മേയ് കാലയളവില്‍ 25-35 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കേരളത്തിലെ ഐസ്‌ക്രീം കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

പുതുരുചികള്‍ക്കും ഡിമാന്‍ഡ്

വാനില, സ്‌ട്രോബെറി, പിസ്ത തുടങ്ങിയ സ്ഥിരം രുചികള്‍ക്കുമപ്പുറം വ്യത്യസ്ത രുചികള്‍ പരീക്ഷിക്കുന്നതും വിൽപ്പന വര്‍ധനയ്ക്ക് കാരണമാണ്. നിലവില്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിംഗ് ഭക്ഷണ ആശയങ്ങള്‍ ആഭ്യന്തര വിപണിയില്‍ ഐസ്‌ക്രീമില്‍ ഉള്‍പ്പെടുത്തുന്നതിലും കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അടുത്തിടെ പല കമ്പനികളും 'പായസം ഐസ്‌ക്രീം' വരെ ഇറക്കിയിരുന്നു. റെഡ് വെല്‍വെറ്റ്, തിരമിസു തുടങ്ങിയ പുത്തന്‍ പരീക്ഷണ രുചികള്‍ക്കും ഡിമാന്‍ഡും ഏറെയാണ്.

പാല്‍ ഉപയോഗിക്കാത്തവര്‍ക്കായി 'സോര്‍ബെ'

വില്‍പ്പനയില്‍ തിളങ്ങാന്‍ പുത്തന്‍ രുചികള്‍ക്കപ്പുറം പുത്തന്‍ രീതിയിലുള്ള ഐസ്‌ക്രീമുകളും ഇന്ന് വിപണിയിലിറക്കുന്നുണ്ട്. പാല്‍ ഉപയോഗിക്കാത്തവര്‍ക്കായി 'സോര്‍ബെ' (sorbet) എന്ന പുത്തന്‍ ഐസ്‌ക്രീം കമ്പനി പുറത്തിറക്കിയതായി മേഴ്‌സിലിസ് ഐസ്‌ക്രീം സഹസ്ഥാപകന്‍ ബിജോ ബെഞ്ചമിന്‍ പറഞ്ഞു. ഈ സീസണില്‍ മികച്ച വില്‍പ്പന കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഐസ്‌ക്രീം കമ്പനികള്‍ ശക്തം

പുറത്തുള്ള കമ്പനികളില്‍ പലതും കേരളത്തിലെ ഐസ്‌ക്രീം വിപണിയില്‍ എത്തുന്നുണ്ടെങ്കിലും കേരളത്തിലെ ഐസ്‌ക്രീം കമ്പനികളുടെ വിപണി ശക്തമായി തുടരുന്നതായി ക്യാമെറി ഐസ്‌ക്രീം മേധാവി സ്റ്റീഫന്‍ എം.ഡി പറഞ്ഞു. ഇത്തവണ മാര്‍ച്ച്-മേയ് കാലയളവില്‍ ഏറ്റവും മികച്ച വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കീ ഐസ്‌ക്രീം ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ് പറഞ്ഞു. അസംസ്‌കൃത വസ്തുക്കളുടെ വിലയിടിഞ്ഞതും ഐസ്‌ക്രീം കമ്പനികള്‍ക്ക് നേട്ടമായി. ഇതോടെ പല കമ്പനികളും ഉത്പാദനവും വര്‍ധിപ്പിച്ചു.

ഇനിയും വളരുമെന്ന് പ്രതീക്ഷ

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേയ് വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനില പ്രവചിച്ചിട്ടുണ്ട്. അതിനാല്‍, മേയ് വരെ ഐസ്‌ക്രീം ഡിമാന്‍ഡ് വളരെ ഉയര്‍ന്നുതന്നെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ഐസ്‌ക്രീം കമ്പനികള്‍ പറയുന്നു. കേരളത്തിലെ ഐസ്‌ക്രീം വിപണിയില്‍ മൊത്തത്തില്‍ 20 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. 2024ല്‍ 3 ബില്യണ്‍ ഡോളര്‍ മൂല്യമെത്തിനില്‍ക്കുന്ന ഇന്ത്യന്‍ ഐസ്‌ക്രീം വിപണി 2028ല്‍ 13.49 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Next Story

Videos

Share it