രാജ്യത്ത് മാന്ദ്യത്തിന്റെ സൂചനകള്‍, നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാകും

സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലോ? ഏതാനും മാസം മുമ്പാണ് ആര്‍ബിഐ ഗവര്‍ണര്‍ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് ഒരു ബുള്ളിഷ് വീക്ഷണം അവതരിപ്പിച്ചത്. മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച ഈ വര്‍ഷം 7.2 ശതമാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിവിധ സ്വകാര്യ-പൊതു ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് സമ്പദ്വ്യവസ്ഥയില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. 1300 മാനുഫാക്ചറിംഗ് കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള ആര്‍ബിഐയുടെ ത്രൈമാസ ഇന്‍ഡസ്ട്രി ഔട്ട്ലുക്ക് സര്‍വേ വെളിപ്പെടുത്തുന്നത് 2024-25 സാമ്പത്തിക വര്‍ഷത്തെ ഒന്നും രണ്ടും പാദങ്ങളില്‍ ഈ കമ്പനികളുടെ വളര്‍ച്ചയില്‍ കുറവുണ്ടായെന്നാണ്. റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നും നാലും പാദങ്ങളിലെ വളര്‍ച്ചാ പ്രതീക്ഷകളിലും വലിയ ഇടിവുണ്ടായി.

അപകട സാധ്യത

നൊമുറ തങ്ങളുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, അതിന്റെ ഉയര്‍ന്ന ആവൃത്തിയിലുള്ള വളര്‍ച്ചാ സൂചകങ്ങള്‍ സൂചിപ്പിക്കുന്നത് 2024 ജൂണ്‍ മുതല്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിനുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി എന്നാണ്. മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച തൊട്ടു മുന്‍ വര്‍ഷത്തെ അതേ കാലയളവിനേക്കാള്‍ കുറഞ്ഞ് 6.5 ശതമാനത്തില്‍ താഴെയായി. രണ്ടാം പാദത്തിലെ 6.7 ശതമാനത്തില്‍ നിന്നും വളര്‍ച്ചയില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025, 2026 സാമ്പത്തിക വര്‍ഷങ്ങളിലെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങളിലെ വര്‍ധിച്ചു വരുന്ന അപകട സാധ്യതകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
ഒക്ടോബറിലെ ആദ്യ മൂന്ന് ആഴ്ചകളില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ 10 ശതകോടി ഡോളറിന്റെ ഓഹരികള്‍ വിറ്റൊഴിഞ്ഞതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ചൈനയുടെ ഓഹരി വിപണി ആകര്‍ഷകമായത് ഇതിന്റെ ഒരു കാരണം മാത്രമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വളര്‍ച്ച മന്ദഗതിയിലായതും വരുമാനത്തിലും രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായതുമൊക്കെ വളര്‍ന്നു വരുന്ന ആശങ്കകള്‍ക്ക് കാരണമാണെന്നും അവര്‍ പറയുന്നു.
സമ്പദ്‌വ്യവസ്ഥ ആദ്യപാദത്തില്‍ 7.1 ശതമാനം വളര്‍ച്ച നേടുമെന്നാണ് ആര്‍ബിഐ ഗവര്‍ണര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് ശേഷം, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ആദ്യപാദത്തില്‍ 6.7 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വെളിപ്പെടുത്തി. നിഫ്റ്റി കമ്പനികളുടെ കഴിഞ്ഞ 17 പാദങ്ങളിലെ ഏറ്റവും കുറഞ്ഞ വരുമാന വളര്‍ച്ചയാകും ഈ സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഉണ്ടാവുകയെന്നാണ് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു റിപ്പോര്‍ട്ട് കണക്കുകൂട്ടുന്നത്.
ജിഎസ്ടി ശേഖരണ വളര്‍ച്ച, ഓട്ടോമൊബൈല്‍ വില്‍പ്പന, ഐടി വളര്‍ച്ചാ സാധ്യതകള്‍, സംസ്ഥാനങ്ങളുടെ മൂലധന ചെലവ് എന്നിവയില്‍ ഉണ്ടായിരിക്കുന്ന മാന്ദ്യം സൂചിപ്പിക്കുന്നത് വരും മാസങ്ങളില്‍ കാര്യങ്ങള്‍ അത്ര ശുഭകരമായിരിക്കില്ല എന്നു തന്നെയാണ്.

മോശം വില്‍പ്പന

കേരളത്തിലെ റീറ്റെയ്ല്‍ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം തുണിത്തരങ്ങളുടെയും മറ്റു പല വസ്തുക്കളുടെയും വില്‍പ്പന വളരെ മോശമാണെന്നാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒരു ഹബ്ബ് എന്ന് വിശേഷിപ്പിക്കാവുന്ന തിരുപ്പൂരിലെ വ്യാപാരത്തില്‍ വന്‍തോതില്‍ ഇടിവുണ്ടായിട്ടുണെന്ന് വ്യാപാരികള്‍ പറയുന്നു. രാജ്യത്ത് ദസറയോടനുബന്ധിച്ചുള്ള വില്‍പ്പന പോലും അത്ര മികച്ചതായിരുന്നില്ല. ഒരു ഇരട്ടയക്ക വളര്‍ച്ചയെ കുറിച്ചുള്ള ആഗ്രഹങ്ങള്‍ മാറ്റിവെച്ചുവെങ്കിലും ദീപാവലി വില്‍പ്പനയിലാണ് ഇനിയവരുടെ പ്രതീക്ഷ. ആര്‍ബിഐയും ഉത്സവം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കും എന്ന വിശ്വാസത്തിലാണ്.
വളരുന്ന ഭൗമ-രാഷ്ട്രീയ പ്രശ്നങ്ങള്‍, വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം, കയറ്റുമതി മാന്ദ്യം, കര്‍ശനമായ പണനയം തുടങ്ങിയവ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ക്രമരഹിതമായ കാലാവസ്ഥയാണ് മറ്റൊരു ഭീഷണി. എന്നാല്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട പ്രകടനം നടത്തിയേക്കാം. എന്നാല്‍ ഇന്ത്യയുടെ സാധ്യതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്രമാത്രം നന്നായി പ്രവര്‍ത്തിക്കാനാകുന്നു എന്നതാണ് വെല്ലുവിളി. ദരിദ്രരുടെയും മധ്യവര്‍ഗത്തിന്റെയും വരുമാനവും ഉപഭോഗവും വര്‍ധിപ്പിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
(Originally published in Dhanam Magazine 15 November 2024 issue.)
Related Articles
Next Story
Videos
Share it