

ഒരു ഡോളര്‍ കിട്ടാന്‍ വൈകാതെ മൂന്നക്ക ഇന്ത്യന്‍ കറന്‍സി കൊടുക്കേണ്ടി വരുന്ന സ്ഥിതിയായി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ മെലിഞ്ഞൊട്ടി ഏറ്റവുമൊടുവില്‍ 92ന് തൊട്ടരികെ. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്കും മറ്റും സന്തോഷം. പക്ഷേ, കേന്ദ്രസര്‍ക്കാറിന്റെ വാഗ്ദാനം കൂടുതല്‍ പാളുകയാണ്. അതിവേഗ വളര്‍ച്ചയിലൂടെ 2024-25ല്‍ ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പത്തെ പ്രഖ്യാപനം. രൂപയുടെ മൂല്യശോഷണം ലക്ഷ്യം കൂടുതല്‍ ദൂരത്തേക്ക് തള്ളിമാറ്റും.
ഡോളറിനെതിരെ ഇന്ത്യന്‍ രൂപ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഇടിവ് ആറര ശതമാനത്തോളമാണ്. 2025 ജനുവരി 23ന് ഡോളറിന് 86.47 രൂപ എന്നതായിരുന്നു വിനിമയ നിരക്ക്. 2026 ജനുവരി 23ന് 91.99 രൂപ എന്ന സര്‍വകാല താഴ്ചയില്‍ എത്തി. ഒരു വര്‍ഷം കൊണ്ടുണ്ടായ മൂല്യത്തകര്‍ച്ച 6.4 ശതമാനം.
മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളര്‍ച്ച 8 ശതമാനത്തിനടുത്താണ്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നോമിനല്‍ ജി.ഡി.പി 330.68 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തേത് 357.14 ലക്ഷം കോടിയെന്നാണ് അനുമാനം. അതായത്, വാര്‍ഷിക വളര്‍ച്ച: ഏകദേശം 8 ശതമാനം. 2025-26 രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 8.7 ശതമാനമായിരുന്നു.
ജി.ഡി.പിയില്‍ 8 ശതമാനം വളര്‍ച്ചയും, ഡോളറുമായുള്ള രൂപയുടെ വിനിമയത്തില്‍ 6 ശതമാനത്തിലധികം മൂല്യത്തകര്‍ച്ചയും ഒരേസമയം സംഭവിക്കുമ്പോള്‍, ഡോളര്‍ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ച വളരെ പരിമിതം. ലളിതമായി പറഞ്ഞാല്‍ ജി.ഡി.പി വളര്‍ച്ചയെ വിനിമയ നിരക്കിലെ തകര്‍ച്ച കവര്‍ന്നെടുക്കുന്നു. സ്‌പോട്ട് എക്സ്ചേഞ്ച് നിരക്കുകള്‍ ഉപയോഗിച്ച് കണക്കാക്കിയാല്‍, ഇന്ത്യയുടെ ഡോളര്‍ ജിഡിപി ഒരുവര്‍ഷം മുമ്പത്തെ അവസ്ഥക്ക് തൊട്ടടുത്തു തന്നെ. നേര്‍ത്ത വര്‍ധനവില്‍ ഒതുങ്ങുന്നു. ഡോളര്‍ ജിഡിപി ഔദ്യോഗികമായി കണക്കാക്കുന്നത് വാര്‍ഷിക ശരാശരി വിനിമയ നിരക്ക് ഉപയോഗിച്ചാണ്. ഒരു ദിവസത്തെ സ്‌പോട്ട് നിരക്ക് അടിസ്ഥാനമാക്കിയല്ല. എങ്കിലും പോക്ക് വ്യക്തം.
ഇന്ത്യയെ 2025 ആകുമ്പോഴേക്ക് 5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രസ്താവനകള്‍. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ ഡോളര്‍ ജിഡിപി 4 ട്രില്യണ്‍ ഡോളര്‍ പരിധിയിലാണ് എന്നാണ്. 5 ട്രില്യണിലെത്താന്‍ ഇനിയും 30 ശതമാനത്തോളം വളര്‍ച്ച ആവശ്യമാണ്. രൂപയുടെ ഇടിവു തുടര്‍ന്നാല്‍ ലക്ഷ്യം കൂടുതല്‍ അകലും. ഈ സാഹചര്യത്തില്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാകാന്‍ ഇനിയും ചുരുങ്ങിതത് നാലഞ്ചു വര്‍ഷമെടുക്കും. അത് കൃത്യമായൊരു കാലമല്ല. രൂപയുടെ സ്ഥിതി, ആഗോള ഡോളര്‍ ശക്തി, ആഭ്യന്തര വളര്‍ച്ച എന്നിവയെ ആശ്രയിച്ച് പിന്നെയും നീളാം. ഇന്ത്യയ്ക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ 2029 വരെ കാത്തിരിക്കണമെന്നാണ് രൂപ ഇത്രത്തോളം ഇടിയും മുമ്പേ രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) പറഞ്ഞത്. അതേസമയം, ആഭ്യന്തര ഡിമാന്റും ഉപഭോഗവും ശക്തമായതിനാല്‍ ഇന്ത്യ ലോകത്തിലെ അതിവേഗ വളര്‍ച്ചയുള്ള സമ്പദ്‌വ്യവസ്ഥകളിലൊന്നായി തുടരുമെന്നും ഐ.എം.എഫ് പറയുന്നു.
5 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം വൈകുന്നതുകൊണ്ട് സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ശമ്പളം, തൊഴില്‍, ആഭ്യന്തര ചെലവ് എന്നിവയില്‍ വലിയ തിരിച്ചടിയൊന്നും ഉണ്ടാകാന്‍ ഇടയില്ല. എന്നാല്‍ നിക്ഷേപകരുടെ കാഴ്ചപ്പാടില്‍, ഡോളറിനെതിരെ രൂപ ദുര്‍ബലമാകുന്ന സാഹചര്യം ഇറക്കുമതി ചെലവ് കൂട്ടും. ക്രൂഡ് ഓയില്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വില ഉയരാന്‍ ഇടയാകും. വിദേശ നിക്ഷേപ പ്രവാഹത്തില്‍ ചാഞ്ചാട്ടമുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine