Begin typing your search above and press return to search.
വ്യാവസായിക ഉത്പാദന വളര്‍ച്ച ഏപ്രിലില്‍ 4.2%; വന്‍ തിരിച്ചുകയറ്റം
ഇന്ത്യയുടെ വ്യാവസായിക ഉത്പാദന സൂചികയുടെ (IIP) വളര്‍ച്ച ഏപ്രിലില്‍ 4.2 ശതമാനമായി കുതിച്ചുയര്‍ന്നു. മാര്‍ച്ചില്‍ വളര്‍ച്ച അഞ്ചുമാസത്തെ താഴ്ചയായ 1.1 ശതമാനമായിരുന്നു. ഇന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ മാര്‍ച്ചിലെ വളര്‍ച്ച 1.7 ശതമാനമായി പുനര്‍ നിര്‍ണയിച്ചിട്ടുണ്ട്. 2022 ഏപ്രിലില്‍ 6.7 ശതമാനം വളര്‍ന്നിരുന്നു.
കരുത്തായി മാനുഫാക്ചറിംഗ്
കാലംതെറ്റിയ മഴ തിരിച്ചടിയായതിനെ തുടര്‍ന്ന് ഖനനമേഖലയുടെ വളര്‍ച്ച മാര്‍ച്ചിലെ 6.8ല്‍ നിന്ന് 5.1 ശതമാനമായി കുറഞ്ഞു. എന്നാല്‍, മാനുഫാക്ചറിംഗ് വളര്‍ച്ച 1.2 ശതമാനത്തില്‍ നിന്ന് 4.9 ശതമാനത്തിലേക്ക് മുന്നേറിയത് വലിയ കരുത്തായി. ഐ.ഐ.പിയില്‍ നാലില്‍ മൂന്ന് പങ്കുവഹിക്കുന്നതും മാനുഫാക്ചറിംഗ് മേഖലയാണ്.
ഓഹരികള്‍ക്ക് ഉണര്‍വാകും
ഐ.ഐ.പി വളര്‍ച്ച മികച്ച നിലയില്‍ മെച്ചപ്പെട്ടതും റീട്ടെയ്ല്‍ പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാംമാസവും 5 ശതമാനത്തിന് താഴെ എത്തിയെന്നതും ഇന്ത്യന്‍ ഓഹരി സൂചികകള്‍ക്ക് അടുത്ത വ്യാപാര സെഷനുകളില്‍ നേട്ടം കൈവരിക്കാനുതകുന്ന അനുകൂല ഘടകങ്ങളാണ്. പണപ്പെരുപ്പക്കണക്കിലും ഐ.ഐ.പി വളര്‍ച്ചയിലും ഉറ്റുനോക്കി ഇന്ന് ഓഹരി നിക്ഷേപകര്‍ ജാഗ്രതയോടെയാണ് വിപണിയില്‍ ഇടപെട്ടിരുന്നത്. രാജ്യത്തെ സാമ്പത്തികരംഗത്ത് ഉണര്‍വ് ദൃശ്യമാണെന്നാണ് ഏപ്രിലിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Next Story