വ്യവസായ രംഗത്ത് ഉണർവ് തുടരുന്നു; മേയില്‍ വളര്‍ച്ച 5.2%

ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ഉണര്‍വ് ശക്തമെന്ന് വ്യക്തമാക്കി മേയില്‍ വ്യാവസായിക ഉത്പാദന സൂചിക (ഐ.ഐ.പി/IIP) 5.2 ശതമാനം വളര്‍ന്നു. ഏപ്രിലില്‍ വളര്‍ച്ച 4.5 ശതമാനമായിരുന്നു.

2022 മേയില്‍ 19.7 ശതമാനമായി വളര്‍ന്നിരുന്നെങ്കിലും അതുപക്ഷേ, കൊവിഡ് പ്രതിസന്ധി മൂലമുള്ള 2021 മേയിലെ നിര്‍ജീവ ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ചയാണ്.
മാനുഫാക്ചറിംഗ് തിളക്കം
ഇന്ത്യന്‍ വ്യവസായത്തിന്റെ നെടുംതൂണായ മാനുഫാക്ചറിംഗ് മേഖല ഇക്കുറി മേയില്‍ 5.7 ശതമാനം വളര്‍ന്നത് കരുത്തായെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) ചൂണ്ടിക്കാട്ടി.
ഊര്‍ജോത്പാദനം 0.9 ശതമാനവും ഖനന ഉത്പാദനം 6.4 ശതമാനവും വളര്‍ന്നതും നേട്ടമായി. കൊവിഡ് കാലത്തെ അപേക്ഷിച്ച് വ്യവസായിക രംഗത്തേക്കുള്ള മൂലധന ലഭ്യതയിലെ വര്‍ദ്ധന, പങ്കാളിത്തത്തിലുണ്ടായ വര്‍ദ്ധന എന്നിവ ഐ.ഐ.പി വളര്‍ച്ചയ്ക്ക് സഹായകമായെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
ഉപയോക്തൃ ശ്രേണിയിലും ഉണര്‍വ്
ഉപയോഗ വിഭാഗങ്ങള്‍ പരിഗണിച്ചാല്‍ കാപ്പിറ്റല്‍ ഗുഡ്‌സ് മേഖല 8.2 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗം 1.1 ശതമാനവും വളര്‍ച്ച മേയില്‍ കുറിച്ചിട്ടുണ്ട്. 7.6 ശതമാനമാണ് കണ്‍സ്യൂമര്‍-നോണ്‍ ഡ്യൂറബിള്‍സിന്റെ വളര്‍ച്ച.
അടിസ്ഥാനസൗകര്യ/നിര്‍മ്മാണ രംഗത്തെ ഉത്പന്നങ്ങളുടെ വളര്‍ച്ച 14 ശതമാനമാണെന്നതും ഉണര്‍വിന്റെ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു.

Related Articles

Next Story

Videos

Share it