രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുമെന്ന് ഐ.എം.എഫ്

വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). 2023-24 ലെ ഇന്ത്യയുടെ വളര്‍ച്ച 6.1 ല്‍ നിന്ന് ഐ.എം.എഫ് 5.9 ശതമാനമായി കുറച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളർച്ച 6.8 ല്‍ നിന്ന് 6.3 ശതമാനമായും താഴ്ത്തി.

ആഗോള വളര്‍ച്ച

ആഗോള വളർച്ചാ നിരക്ക് ഇക്കൊല്ലം 2.8 ശതമാനവും 2024-ല്‍ മൂന്നും ശതമാനമായിരിക്കും എന്നാണ് ഐ.എം.എഫ് കണക്കാക്കുന്നത്. ആഗോള വിലക്കയറ്റം 2022 ലെ 8.7 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 7 ശതമാനവും അടുത്ത വര്‍ഷം 4.9 ശതമാനവുമാകും എന്നു പ്രതീക്ഷിക്കുന്നു.

ചൈനയുടെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷം 5.2 ശതമാനവും അടുത്ത വര്‍ഷം 4.5 ശതമാനവും ആയിരിക്കുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്. യുഎസിന്റെ വളര്‍ച്ചാ പ്രവചനം 2023-ല്‍ 1.6 ശതമാനമായും യൂറോ മേഖലയില്‍ ഇത് 0.8 ശതമാനമായും ഉയര്‍ത്തി.

മറ്റ് പ്രവചനങ്ങള്‍

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതലായി വളരുമെന്ന് പല ഏജന്‍സികളും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ആഴ്ച നടന്ന പണനയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് രാജ്യത്തിന്റെ വളര്‍ച്ച 6.4 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഉപഭോഗ വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ഉണ്ടാക്കിയ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ഈയടുത്ത് ലോക ബാങ്കും ഏഷ്യന്‍ വികസന ബാങ്കും (എഡിബി) ഇന്ത്യയ്ക്ക് യഥാക്രമം 6.3 ശതമാനവും 6.4 ശതമാനവും വളര്‍ച്ചയാണ് 2023-24 ലേക്ക് കണക്കാക്കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it