താമസം മതിയാക്കി കാനഡ വിട്ട് പോരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

കാനഡ വിടുന്ന കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പും കോണ്‍ഫറന്‍സ് ബോര്‍ഡ് ഓഫ് കാനഡയും സംയുക്തമായി നടത്തിയ പഠനം വ്യക്തമാക്കി. ജനസംഖ്യയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുന്നതിന് കുടിയേറ്റത്തെ ആശ്രയിക്കുന്ന രാജ്യമായ കാനഡയ്ക്ക് ഇത് കനത്ത ഭീഷണിയാണ്. സാമ്പത്തിക തകര്‍ച്ച തടയാന്‍ മുമ്പ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ കൂടുതല്‍ തൊഴിലാളികളെ ദ്രുതഗതിയില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതാണ്.

വിട്ടൊഴിയുന്നതിന് കാരണങ്ങളേറെ

ഭവന വിലയും വാടകയും ഉയരുന്നത്, ആരോഗ്യ പരിരക്ഷാ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ കാനഡയിലുള്ള കുടിയേറ്റക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്. നിലവിലെ സ്ഥിതി കൂടുതല്‍ പരാജയങ്ങളിലേക്കാണ് പോകുന്നതെന്നും ആളുകള്‍ ഇത്തരത്തില്‍ കാനഡ വിട്ട് പോകുന്നത് കാനഡയുടെ സമൃദ്ധിക്ക് ഭീഷണിയാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയല്‍ ബെര്‍ണാര്‍ഡ് പറഞ്ഞു. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2017ലും 2019ലും കാനഡ വിട്ട കുടിയേറ്റക്കാരുടെ വാര്‍ഷിക നിരക്ക് യഥാക്രമം 1.1%, 1.18% എന്നിങ്ങനെ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയതായി റിപ്പോര്‍ട്ട് കാണിക്കുന്നു. എന്‍വയോണിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേ പ്രകാരം ഭവനത്തിന്റെ താങ്ങാവുന്ന വിലയും ലഭ്യതയും സംബന്ധിച്ച ആശങ്കകള്‍ കാരണം കുടിയേറ്റത്തിനുള്ള പൊതുജന പിന്തുണ കുറയുന്നതായി കാണിച്ചു. 2001നും 2021നും ഇടയില്‍ 10 വര്‍ഷത്തിനുള്ളില്‍ പെര്‍മനന്റ് റസിഡന്‍സി സ്വീകരിച്ചവരുടെ അനുപാതം 40% കുറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it