

പശ്ചിമേഷ്യയിൽ ഇറാനും യുഎസുമായുള്ള സംഘർഷം രൂക്ഷമായതോടെ, ആഗോള ക്രൂഡോയിൽ വ്യാപാരത്തിന്റെ ജീവനാഡികളിലൊന്നായ ഹോർമുസ് കടലിടുക്കും (Strait of Hormuz) പോരാട്ട വേദിയായി മാറുമോയെന്ന ആശങ്ക വർധിക്കുന്നു. ലോകത്ത് സമുദ്രം വഴിയുള്ള ക്രൂഡോയിൽ ചരക്കുകടത്തിന്റെ അഞ്ചിലൊന്നും നടക്കുന്ന ഹോർമുസ് കടലിടുക്ക് വഴി ഇനി കടന്നുപോകുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം.
ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയുടെ പകുതിയോളം, ഹോർമുസ് കടലിടുക്ക് വഴിയാണെന്നാണ് മാരിടൈം അനലിറ്റിക്സ് ഡേറ്റകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഹോർമുസ് കടലിടുക്ക് അടച്ചിട്ടാൽ എത്ര ദിവസം ഇന്ത്യക്ക് പിടിച്ചുനിൽക്കാൻ സാധിക്കും എന്ന ചോദ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നുകഴിഞ്ഞു. ഈയൊരു പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് എത്രത്തോളം ക്രൂഡോയിൽ കരുതൽ ശേഖരമുണ്ടെന്നും ബദൽ മാർഗങ്ങൾ എന്തൊക്കെയെന്നും വിശദമായി നോക്കാം.
ഇറാനും ഒമാനും ഇടയിലൂടെ പേർഷ്യൻ ഉൾക്കടലിനേയും അറബിക്കടലിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതും ഏറ്റവും നേർത്ത ഭാഗത്ത് 33 കിലോമീറ്റർ മാത്രം വീതിയുള്ളതുമാണ് ഹോർമുസ് കടലിടുക്ക്. കഴിഞ്ഞ വർഷം വരെ റഷ്യയിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം ക്രൂഡോയിൽ ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ യുഎസുമായുള്ള വ്യാപാര കരാർ നേടിയെടുക്കുന്നതിന്റെ ഭാഗമായി, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പടിപടിയായി കുറച്ചു. തുടർന്ന് 2026 ജനുവരി മുതൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വർധിപ്പിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയിലേക്ക് ക്രൂഡോയിൽ കൊണ്ടുവരുന്ന 100 ടാങ്കറുകളിൽ 35-50 എണ്ണം വരെ ഹോർമുസ് കടലിടുക്ക് വഴിയാകുന്ന സാഹചര്യമായി.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇക്കഴിഞ്ഞ ജനുവരിയിൽ റഷ്യയിൽ നിന്നുള്ള 2025 മേയിലെ 33 ശതമാനത്തിൽ നിന്നും 19.3 ശതമാനമായി താഴ്ന്നു. പകരം സൗദിയിൽ നിന്നുള്ള ഇറക്കുമതി 2026 ജനുവരിയിൽ 17.5 ശതമാനമായി ഉയർന്നു. 2023 ഏപ്രിലിനു ശേഷമുള്ള ഉയർന്ന നിലവാരമാണിത്. അതുപോലെ ഇറഖിൽ നിന്നും 16.6 ശതമാനവും യുഎഇയിൽ നിന്നും 10.4 ശതമാനവും കുവൈറ്റിൽ നിന്നും 6.8 ശതമാനവും (2023 ഏപ്രിലിനു ശേഷമുള്ള ഉയർന്ന നിലവാരം) ആണ് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി. ഈ കണക്കുകളിൽ നിന്നും ഹോർമുസ് കടലിടുക്ക്, ഇന്ത്യയുടെ ഊർജ സുരക്ഷയിൽ എത്രത്തോളം നിർണായകമെന്ന് വ്യക്തമാണ്.
രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായും അപ്രതീക്ഷിത വെല്ലുവിളികളെ മറികടന്ന് ക്രൂഡോയിൽ വിതരണം തീർത്തും തടസ്സപ്പെടാതെ നോക്കുന്നതിനും വേണ്ടിയുള്ളതാണ് സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (SPR) അഥവാ തന്ത്രപ്രധാന ക്രൂഡോയിൽ കരുതൽ ശേഖരം. നിലവിൽ വിശാഖപട്ടണം, മംഗളൂരു, പാഡൂർ എന്നിവിടങ്ങളിലെ ഭൂഗർഭ അറകളിലായി, ഏകദേശം 53.3 ലക്ഷം മെട്രിക് ടൺ അളവിലുള്ള ക്രൂഡോയിൽ ആണ് ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിന്റെ ഭാഗമായുള്ളത്. അടിയന്തര ഘട്ടത്തിൽ പുറത്തെടുക്കാവുന്ന ഈ ശേഖരത്തിന്, 9.5 ദിവസത്തേക്ക് രാജ്യത്തിന്റെ 9.5 പൂർണ തോതിലുള്ള ഉപയോഗത്തെ നിറവേറ്റാൻ സാധിക്കുന്നതാണ്.
എന്നാൽ ഇന്ത്യയുടെ യഥാർത്ഥ കരുതൽ ശേഖരം മറ്റൊന്നാണ്. റിഫൈനിങ് ജോലികൾ തടസ്സപ്പെടാതെ നടക്കുന്നതിനായും ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പാക്കുന്നതിനുമായി രാജ്യത്തെ എണ്ണക്കമ്പനികൾ മുൻകൂട്ടി സംഭരിച്ചു വെച്ചിട്ടുള്ള ക്രൂഡോയിൽ ശേഖരത്തിന് ഇന്ത്യയുടെ 67 ദിവസത്തെ ഉപയോഗം നിറവേറ്റാൻ സാധിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ സ്ട്രാറ്റജിക് പെട്രോളിയം റിസർവിനു കീഴിലുള്ള ശേഖരവും എണ്ണക്കമ്പനികളുടെ കൈവശമുള്ള ശേഖരവും കൂടിച്ചേരുമ്പോൾ 76.5 ദിവസം, രാജ്യത്തിന്റെ പൂർണ തോതിലുള്ള ഉപയോഗം നിറവേറ്റാനുള്ള ക്രൂഡോയിൽ ശേഖരമുണ്ടെന്ന് സാരം.
അതേസമയം ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവിന്റെ ശേഷിയിലേക്ക് 65 ലക്ഷം മെട്രിക് ടൺ കൂടി വർധിപ്പിക്കുന്നതിനുള്ള രണ്ട് പദ്ധതികൾക്ക് 2021 ജൂലൈയിൽ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഒഡീഷയിലെ ചന്ദിഖോൽ, കർണാടകയിലെ പാഡൂർ എന്നിവിടങ്ങളിലായി നിർദേശിക്കപ്പെട്ട സംഭരണികളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതും കൂടി പ്രവർത്തനക്ഷമമായാൽ കരുതൽ ശേഖരം ഉപയോഗപ്പെടുത്തി 90 ദിവസം വരെ രാജ്യത്തിന് തടസ്സങ്ങളില്ലാതെ മുന്നോട്ടുപോകാൻ കഴിയുന്നതാണ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടസ്സപ്പെടുന്ന സാഹചര്യം, ക്രൂഡോയിൽ വിലക്കയറ്റത്തിന് ഇടയാക്കും. കൂടാതെ ചരക്ക് കടത്തുകൂലി വർധിപ്പിക്കും. ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുത്തനെ ഉയർത്തും. രാജ്യത്തിന്റെ ഊർജ ലഭ്യതയിൽ അനിശ്ചിതത്വവും സൃഷ്ടിക്കാം. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ വർധിക്കുന്ന ഓരോ ഡോളറിനും വാർഷികമായി ഇന്ത്യയുടെ ഇറക്കുമതി ചെലവിൽ 200 കോടി ഡോളർ (ഏകദേശം 18,400 കോടി രൂപ) വർധനയുണ്ടാക്കും എന്നാണ് പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ സർവീസസ് പുറത്തുവിട്ട റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
ക്രൂഡോയിൽ സ്രോതസ്സ് കഴിയാവുന്നിടത്തോളം വൈവിധ്യവത്കരിക്കുക എന്നതാണ് തൊട്ടുമുന്നിലുള്ള പ്രധാനപ്പെട്ട പ്രായോഗിക മാർഗങ്ങളിലൊന്ന്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ഇക്കാര്യത്തിൽ പരിഗണന നൽകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഹോർമുസ് കടലിടുക്കിനെ ബൈപ്പാസ് ചെയ്യുന്നവിധം എണ്ണ വിതരണം ചെയ്യാനുള്ള പൈപ്പ് ലൈനുകൾ ചില ഗൾഫ് രാജ്യങ്ങൾക്കുണ്ട്. എന്നിരുന്നാലും പൂർണ തോതിൽ ഹോർമുസ് കടലിടുക്കിനെ ഒഴിവാക്കാൻ തക്ക ശേഷി ഇത് കൈവരിച്ചിട്ടില്ല.
അതേസമയം ഇന്ത്യ പ്രതിദനം 5.8 - 6 ലക്ഷം ബാരൽ ക്രൂഡോയിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവർഷം മൊത്തം ഉപയോഗത്തിന്റെ 12-13 ശതമാനം നിറവേറ്റാൻ ഇതുകൊണ്ട് കഴിയുന്നു. റിന്യൂവബിൾ എനർജിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റവും എഥനോൾ ചേർക്കുന്ന വാഹന ഇന്ധനവും ക്രൂഡോയിലുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിന് ചെറിയ തോതിൽ സഹായിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് പുറമെ മറ്റ് ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയ്ക്കും ജപ്പാനും ദക്ഷിണ കൊറിയക്കും ഹോർമുസ് കടലിടുക്ക് ഏറെ നിർണായകമാണ്. ഇതുവഴിയുള്ള ക്രൂഡോയിൽ കടത്തിന്റെ 80 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്. അതിനാൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ കടത്ത് തടസ്സപ്പെടാതിരിക്കാനുള്ള അന്താരാഷ്ട്ര സമ്മർദം ഇറാന് മേലുള്ളതും നിർണായക ഘടകമാകുമെന്ന് പ്രതീക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine