2020ല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതില്‍ 14 ശതമാനവും ഇന്ത്യയില്‍

രാജ്യം ഡിജിറ്റലിലേക്കും മിക്കവരും സ്മാര്‍ട്ട്‌ഫോണുകളിലേക്കും മാറിയപ്പോള്‍ രാജ്യത്ത് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവരുടെ കണക്കില്‍ വലിയ വര്‍ധന. 2020ല്‍ ആഗോളതലത്തില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതില്‍ 14 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് ഇന്‍മൊബിയുടെ വാര്‍ഷിക മൊബൈല്‍ മാര്‍ക്കറ്റിംഗ് ഹാന്‍ഡ്ബുക്കില്‍ പറയുന്നു.

'മൊബൈല്‍ യുഗത്തിലെ മാര്‍ക്കറ്റിംഗ്' എന്ന് പേരിട്ടിരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡുകളുടെ വളര്‍ച്ചാനിരക്ക് 28 ശതമാനമാണ്. ആഗോള ശരാശരിയേക്കാള്‍ നാലിരട്ടിയാണിത്. 2020 ന്റെ ആദ്യ പകുതിയില്‍, മൊബൈലിനായി ചെലവഴിച്ച ശരാശരി സമയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്തോനേഷ്യയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം 2020 ല്‍ ലോകമെമ്പാടുമായി 321 ദശലക്ഷം പുതിയ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ വര്‍ധിച്ചു. 2019ലെ രണ്ടാം പകുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2020ന്റെ ആദ്യത്തില്‍ 25 ശതമാനം വര്‍ധനവാണ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡിലുണ്ടായിട്ടുള്ളത്. ആപ്ലിക്കേഷന്‍ സ്റ്റോറുകളിലെ ആഗോള ചെലവ് 2020 ല്‍ 143 ബില്യണ്‍ ഡോളറായിരുന്നു.
കോവിഡ് മഹാമാരി മൂലം ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ 2020 ഏപ്രില്‍ മാസത്തില്‍ പ്രതിദിനം ശരാശരി 4.2 മണിക്കൂര്‍ ചെലവഴിച്ചു, മൊത്തത്തില്‍ 1.6 ട്രില്യണ്‍ മണിക്കൂറാണ് 2020 ലെ ഒന്നാം പകുതിയില്‍ ലോകത്തെ ഉപഭോക്താക്കള്‍ ചെലവഴിച്ചത്. അതേസമയം 2020 ജനുവരി മുതല്‍ ഏപ്രില്‍ വരെ, വിനോദ ആപ്ലിക്കേഷനുകള്‍ക്കായി ഇന്ത്യക്കാര്‍ ചെലവഴിച്ച സമയം 22 ശതമാനത്തിലധികം വര്‍ധിച്ചു, ഇതിന്റെ ഫലമായി ഒടിടി സബ്‌സ്‌ക്രിപ്ഷനില്‍ 47 ശതമാനം വര്‍ധനവും വരുമാനത്തില്‍ 26 ശതമാനത്തിലധികം വളര്‍ച്ചയും ഉണ്ടായി.
ആരോഗ്യം, ശാരീരികക്ഷമത, ഗെയിമിംഗ്, വിനോദം, ദൈര്‍ഘ്യമേറിയതും ഹ്രസ്വ രൂപത്തിലുള്ളതുമായ വീഡിയോകള്‍, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പുതിയ ആപ്ലിക്കേഷനുകള്‍ ഇക്കാലയളവില്‍ പ്രാധാന്യം നേടി.
ലോക്ക്ഡൗണിലെ മാര്‍ച്ച് മുതല്‍ ഏപ്രില്‍ പകുതി വരെയുള്ള സമയത്ത് ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനുകള്‍ പ്രീ-ലോക്ക്ഡൗണ്‍ കാലഘട്ടത്തെ അപേക്ഷിച്ച് 42% വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാത്രമല്ല, മൊബൈല്‍ ഗെയിമിംഗ് മേഖലയ്ക്ക് 2020 ല്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായത്. ഇന്ത്യക്കാര്‍ക്കിടയില്‍ പുതിയ വിനോദ മാധ്യമമായി ഓണ്‍ലൈന്‍ ഗെയിമുകള്‍ ഉയര്‍ന്നുവന്നു. കണക്കുകള്‍ പ്രകാരം ലോകത്തെ 10 ഗെയിമര്‍മാരില്‍ ഒരാള്‍ ഇന്ത്യക്കാരനായിരിക്കും.



Related Articles

Next Story

Videos

Share it