Begin typing your search above and press return to search.
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കല്‍: 2025ല്‍ തന്നെ ലക്ഷ്യം കാണാന്‍ ഇന്ത്യ
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിന്റെ അളവ് 20 ശതമാനമായി ഉയര്‍ത്തുകയെന്ന ലക്ഷ്യം 2025ല്‍ തന്നെ ഇന്ത്യ കൈവരിക്കുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. 2030ല്‍ ലക്ഷ്യം കാണാനായിരുന്നു ആദ്യ തീരുമാനം. പെട്രോളില്‍ 20 ശതമാനം കലര്‍ത്താനായി 2025ഓടെ 1,016 കോടി ലിറ്റര്‍ എഥനോള്‍ ആവശ്യമായി വരും. മറ്റ് ആവശ്യങ്ങള്‍ക്കായുള്ള 334 കോടി ലിറ്ററും ചേര്‍ത്ത് ആകെ വേണ്ടത് 1,700 കോടി ലിറ്ററായിരിക്കും. നിലവില്‍ പഞ്ചസാരയുടെ ഉപോത്പന്നങ്ങളില്‍ നിന്നാണ് എഥനോള്‍ ശേഖരിക്കുന്നത്. 20 ശതമാനമെന്ന ലക്ഷ്യം നേടാന്‍ ചോളം മേഖലയെയും ആശ്രയിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
എന്തിന് എഥനോള്‍?
നിലവില്‍ ഒരു ലിറ്റര്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ ഇന്ത്യ ചേര്‍ക്കുന്നുണ്ട്. 2021ല്‍ ഇത് 8.5 ശതമാനമായിരുന്നു. എഥനോളില്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) ഓക്‌സിജന്റെ അളവ് കൂടുതലായുള്ളതിനാല്‍ വാഹന എന്‍ജിനില്‍ ജ്വലനം സുഗമമാകും. വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുടെ അളവും കുറയും.
നിലവില്‍ ഉപഭോഗത്തിന്റെ 85 ശതമാനത്തോളം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എഥനോള്‍ ഉപയോഗം കൂട്ടുന്നതോടെ ക്രൂഡ് ഇറക്കുമതിയില്‍ ആനുപാതിക കുറവ് വരുത്താം. ഇത് ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ താഴാന്‍ സഹായിക്കും.
Next Story