

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ദീര്‍ഘകാലത്തേക്ക് നീണ്ടുപോയാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് മൂഡീസ് അനലിറ്റിക്‌സ് (Moody's Analytics) മുന്നറിയിപ്പ്. അതീവ ഗുരുതരമായ സാഹചര്യത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 4% വരെ ഇടിവുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എണ്ണവില വര്‍ധന, വിതരണ ശൃംഖല തടസ്സം, കറന്‍സി സമ്മര്‍ദ്ദം എന്നിവയാണ് പ്രധാന അപകടസാധ്യതകള്‍.
എണ്ണവിലയാണ് ഏറ്റവും വലിയ ഭീഷണി. ഇന്ത്യയുടെ സാമ്പത്തിക ഘടനയില്‍ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കാന്‍ സാധ്യതയുള്ളത് ക്രൂഡ് ഓയില്‍ വില വര്‍ധനയാണ്. ലോകത്തിലെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയ്ക്ക് ഇറക്കുമതി ചെലവ് കുത്തനെ ഉയരും. കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കും. ഇന്ധന സബ്‌സിഡി സമ്മര്‍ദ്ദം കൂടും. ഒരു ബാരലിന് 10-15 ഡോളര്‍ വര്‍ധന പോലും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് മൂഡീസ് വിലയിരുത്തുന്നു.
എണ്ണവില കൂടുന്നത് നേരിട്ട് ആഭ്യന്തര വിലക്കയറ്റത്തെയും ബാധിക്കും. ഇന്ധന വിലകള്‍ ഉയര്‍ന്നേക്കും. ഗതാഗത ചെലവ് കൂടും. ഭക്ഷ്യവിലകളിലും സമ്മര്‍ദ്ദം ഉണ്ടാകും. ഇത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണ പരിധിക്കപ്പുറം വിലക്കയറ്റം പോകാന്‍ കാരണമായേക്കും. അതോടെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയും കുറയും.
ദീര്‍ഘകാല സംഘര്‍ഷം കറന്‍സി വിപണിയിലും ആഘാതമുണ്ടാക്കും. വിദേശ നിക്ഷേപങ്ങള്‍ പുറത്തേക്ക് ഒഴുകാം. രൂപയുടെ മൂല്യം കൂടുതല്‍ താഴാന്‍ സാധ്യത.
വിദേശ വായ്പ ചെലവ് കൂടും. രൂപ ദുര്‍ബലമായാല്‍ ഇറക്കുമതി ചെലവും കൂടി, വിലക്കയറ്റം കൂടുതല്‍ ശക്തമാകും. വ്യാപാരവും വിതരണ ശൃംഖലയും തടസപ്പെടാം. മിഡില്‍ ഈസ്റ്റ് മേഖല ആഗോള വ്യാപാരത്തിന് നിര്‍ണായകമായ കടല്‍മാര്‍ഗമാണ്. ഷിപ്പിംഗ് റൂട്ടുകളില്‍ തടസം, ഇന്‍ഷുറന്‍സ്, ഫ്രെയ്റ്റ് ചെലവുകള്‍ വര്‍ധന, ഇറക്കുമതി-കയറ്റുമതി വൈകല്‍ എന്നിവക്ക് സാധ്യത. രാസവസ്തു, വളം, എന്‍ജിനീയറിംഗ് ഉല്‍പ്പന്ന മേഖലകളെ നേരിട്ടു ബാധിക്കാം.
വിലക്കയറ്റവും അനിശ്ചിതത്വവും ചേര്‍ന്ന് ആഭ്യന്തര ആവശ്യകതയെ ബാധിക്കും. ഉപഭോഗം കുറഞ്ഞേക്കും. കോര്‍പ്പറേറ്റ് നിക്ഷേപങ്ങള്‍ മന്ദഗതിയിലാകും. സര്‍ക്കാര്‍ ചെലവുകളില്‍ സമ്മര്‍ദ്ദം കൂടും. ഇവയെല്ലാം ചേര്‍ന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ 4% വരെ ഇടിവുണ്ടാകാമെന്ന് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ഒരു ആഗോള രാഷ്ട്രീയ പ്രശ്നം മാത്രമല്ല, ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് അത് സാമ്പത്തിക പ്രതിസന്ധിയാകാന്‍ സാധ്യതയുണ്ടെന്ന് മൂഡീസ് വ്യക്തമാക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine