നേട്ടം ചൈനയ്ക്ക് തന്നെ; ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ശതകോടി ഡോളര്‍ കടന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് 135.98 ശതകോടി ഡോളറിലെത്തി. ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 37 ശതമാനത്തോളം ഇടിഞ്ഞു
നേട്ടം ചൈനയ്ക്ക് തന്നെ; ഇന്ത്യയുടെ വ്യാപാരക്കമ്മി 100 ശതകോടി ഡോളര്‍ കടന്നു
Published on

ചൈനയുമായുള്ള ഇന്ത്യയുടെ വ്യപാരക്കമ്മി ചരിത്രത്തില്‍ ആദ്യമായി 100 ശതകോടി (ബില്യണ്‍) ഡോളര്‍ കടന്നു. അതായത് രാജ്യം ചൈനയിലേക്ക് കയറ്റി അയച്ചതിലും 101.02 ബില്യണ്‍ ഡോളറിന്റെ അധിക ഇറക്കുമതിയാണ് നടന്നത്. 2021ല്‍ ഇത് വെറും 69.38 ബില്യണ്‍ ഡോളറായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടപാട് 2022ല്‍ 135.98 ബില്യണ്‍ ഡോളറിലെത്തി. മുന്‍വര്‍ഷത്തെ 125 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 8.4 ശതമാനത്തിന്റെ വര്‍ധനവാണ് വ്യാപാരത്തില്‍ ഉണ്ടായത്. ഇന്ത്യയിലേക്ക് 118.5 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ചൈന കയറ്റി അയച്ചു. ചൈനീസ് ഇറക്കുമതി ഉയര്‍ന്നത് 21.7 ശതമാനം ആണ്. അതേ സമയം ഇന്ത്യയില്‍ നിന്നുള്ള ചൈനയുടെ ഇറക്കുമതി 37.9 ശതമാനം ഇടിഞ്ഞ് 17.48 ബില്യണ്‍ ഡോളറിലെത്തി.

ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൈനയെയും ബാധിച്ച് തുടങ്ങി

കഴിഞ്ഞ വര്‍ഷം ചൈനയുടെ ആകെ കയറ്റുമതി 3.95  ലക്ഷം കോടി (ട്രില്യണ്‍) ഡോളറിന്റേതായിരുന്നു. ഇറക്കുമതി ചെയ്തത് 2.7 ട്രില്യണ്‍ ഡോളറിന്റെ സാധനങ്ങളും. വ്യാപാരമിച്ചം 877.6 ബില്യണ്‍ ഡോളറാണ്. കയറ്റുമതി ഏഴു ശതമാനം ഇറക്കുമതി 1.1 ശതമാനവും ഉയര്‍ന്നു. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വ്യാപാരം വര്‍ധിച്ചത്, വില വര്‍ധനവ്, ചൈനീസ് കറന്‍സിയുടെ ഇടിവ് തുടങ്ങിയവ കയറ്റുമതിയുടെ മൂല്യം ഉയരാന്‍ കാരണമായി.

എന്നാല്‍ ഒക്ടോബര്‍ മുതല്‍ രീതി മാറിത്തുടങ്ങിയിട്ടുണ്ട്. 2020 പകുതിക്ക് ശേഷം ആദ്യമായി 2022 ഒക്ടോബറില്‍ രാജ്യത്തിന്റെ കയറ്റുമതി 0.3 ശതമാനം ഇടിഞ്ഞിരുന്നു. ഒടുവില്‍ ഡിസംബറില്‍ ആ ഇടിവ് 9.9 ശതമാനത്തിലെത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആശങ്കള്‍ 2023ല്‍ ചൈനീസ് വ്യാപാരത്തെ ബാധിക്കുമെന്നതിന്റെ സൂചനയായി ആണ് ഇത് വിലയിരുത്തപ്പെടുന്നത്. അതേ സമയം കോവിഡ് നയങ്ങളില്‍ വന്ന മാറ്റം വ്യാപാരത്തിലും നേട്ടമായേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com