4 യൂറോപ്യന്‍ രാജ്യങ്ങളുമായി വ്യാപാരക്കരാറൊപ്പിട്ട് ഇന്ത്യ; നിക്ഷേപമായി 83 ലക്ഷം കോടി എത്തും, നിരവധി ഉത്പന്നങ്ങള്‍ക്ക് വില കുറയും

ഇന്ത്യക്കാര്‍ക്ക് ഇനി കുറഞ്ഞ വിലയില്‍ ലോകപ്രശസ്തമായ സ്വിസ് വാച്ചുകളും ചോക്ലേറ്റുകളും വാങ്ങാനാകും. നാല് രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ (ഇ.എഫ്.ടി.എ) സംഖ്യവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്.ടി.എ) ഒപ്പിട്ടു. ഐസ്‌ലന്‍ഡ്, ലിച്ച്‌സ്റ്റെന്‍സ്റ്റൈന്‍ (Liechtenstein), നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ നാല് രാജ്യങ്ങളുടെ വ്യാപാര സംഘടനയാണ് ഇ.എഫ്.ടി.എ. ഈ കരാര്‍ പ്രകാരം അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 ബില്യണ്‍ ഡോളറിന്റെ (83 ലക്ഷം കോടി രൂപ) നിക്ഷേപം സ്വകാര്യ കമ്പനികള്‍ വഴി നടത്തും.

ഇ.എഫ്.ടി.എ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപം ഡിജിറ്റല്‍ വ്യാപാരം, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഭക്ഷ്യ മേഖല, ലോജിസ്റ്റിക്സ്, ഫാര്‍മ, മെഡിക്കല്‍ ഉപകരണങ്ങള്‍, കെമിക്കല്‍സ്, ക്ലീന്‍ എനര്‍ജി തുടങ്ങി വിവിധ മേഖലകള്‍ക്ക് വലിയ അവസരങ്ങളൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇതോടെ ഇന്ത്യയും ഈ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ പങ്കാളിത്തം വര്‍ധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഈ കരാര്‍ വിവിധ മേഖലകളുടെ നവീകരണത്തിലേക്കും ഗവേഷണത്തിലേക്കും വികസനത്തിലേക്കും നയിക്കുെമന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയില്‍ പറഞ്ഞു.

ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും വില കുറയും

കരാറിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ചോക്ലേറ്റുകളുടെയും വാച്ചുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ കുറയ്ക്കും. നിലവില്‍ ഇത്തരം ചോക്ലേറ്റുകള്‍ക്കും ചോക്ലേറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും 30 ശതമാനവും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് വരുന്ന വാച്ചുകളുടെ മിക്ക വകഭേദങ്ങള്‍ക്കും 20 ശതമാനവും ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തുന്നുണ്ട്. ഇരു കക്ഷികളും തമ്മിലുള്ള വ്യാപാര ഉടമ്പടി പ്രകാരം, ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യങ്ങളിലെ നിക്ഷേപകരില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 50 ബില്യണ്‍ ഡോളറും പിന്നീടുള്ള അഞ്ച് വര്‍ഷംകൊണ്ട് വീണ്ടും 50 ബില്യണ്‍ ഡോളറും വര്‍ധിപ്പിക്കാനാണ് ഇ.എഫ്.ടി.എ ലക്ഷ്യമിടുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല

യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍ അംഗങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. ഇന്ത്യയും ഇ.എഫ്.ടി.എ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ കരാറിന്റെ ചര്‍ച്ചകള്‍ 2008 ജനുവരിയിലാണ് ആരംഭിച്ചത്. എന്നാല്‍ 13 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം 2013ല്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിറുത്തിവയ്ക്കുകയായിരുന്നു. പിന്നീട് 2016 ഒക്ടോബറില്‍ ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഏകദേശം 21 റൗണ്ട് ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപക്ഷവും തമ്മിലുള്ള വ്യാപാര ഉടമ്പടി ഒപ്പുവച്ചത്.

ഇന്ത്യയും ഇ.എഫ്.ടി.എ രാജ്യങ്ങളും തമ്മിലുള്ള മൊത്തം വ്യാപാരം 2022-23ല്‍ ഏകദേശം 18.66 ബില്യണ്‍ ഡോളറായിരുന്നു. ഇതില്‍ ഏറ്റവും വലിയ വിഹിതം സ്വിറ്റ്സര്‍ലന്‍ഡിന്റെതാണ്. തുടര്‍ന്ന് നോര്‍വേയും. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 32.5 ശതമാനം ഇടിഞ്ഞ് 15.79 ബില്യണ്‍ ഡോളറായി. കയറ്റുമതി 0.15 ശതമാനം കുറഞ്ഞ് 1.35 ബില്യണ്‍ ഡോളറായി.

നോര്‍വേയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 2022-23ല്‍ 55.17 ശതമാനം ഇടിഞ്ഞ് 938.06 മില്യണ്‍ ഡോളറായി. കയറ്റുമതി 49.9 ശതമാനം ഉയര്‍ന്ന് 569.19 മില്യണ്‍ ഡോളറിലെത്തി. ഇ.എഫ്.ടി.എ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതിയില്‍ ജൈവ-അജൈവ രാസവസ്തുക്കള്‍, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, രത്‌നങ്ങളും ആഭരണങ്ങളും ഉള്‍പ്പെടുന്നു. ഇറക്കുമതിയില്‍ സ്വര്‍ണ്ണം, മരുന്ന്, വാച്ചുകള്‍, കപ്പലുകള്‍, ബോട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

Related Articles
Next Story
Videos
Share it