യൂറോപ്പുമായുള്ള കരാര്‍ ഒ.കെ, പക്ഷേ അമേരിക്കന്‍ കരാറിന് പകരമാവില്ല; ആ ഡീല്‍ നിര്‍ണായകം

ഇന്ത്യക്ക് യുഎസുമായി വലിയ വ്യാപാര മിച്ചമാണ് ഉള്ളത്. ഐടി സേവനങ്ങള്‍, ഫാര്‍മ, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവും സ്ഥിരതയും നല്‍കുന്നത് അമേരിക്കന്‍ വിപണിയാണ്
US FLAG and Dollar
Image : Canva
Published on

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ചരിത്രപരമായ വഴിത്തിരിവാണെങ്കിലും ഇന്ത്യ-യുഎസ് വ്യാപാര കരാറിന് പകരമാവുമോ? ഇല്ലെന്ന യാഥാര്‍ഥ്യബോധത്തിലാണ് ഓഹരി വിപണി. ദീര്‍ഘകാലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായേക്കാവുന്ന കരാറാണിതെങ്കിലും, ഏറ്റവും നിര്‍ണായകം അമേരിക്കന്‍ വിപണിയുമായുള്ള വ്യാപാര ബന്ധങ്ങള്‍ തന്നെയെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ആഗോള വ്യാപാരത്തിന്റെ ഏകദേശം മൂന്നിലൊന്നും, ലോക ജിഡിപിയുടെ 25 ശതമാനവും പ്രതിനിധാനം ചെയ്യുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ഇന്ത്യയുടെ വ്യാപാര ചരിത്രത്തിലെ ഏറ്റവും വലിയ കരാറുകളില്‍ ഒന്നാണ്. വ്യവസായ ഉല്‍പന്നങ്ങള്‍, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉള്‍പ്പെടെ നിരവധി മേഖലയിലായി തീരുവ കുറയ്ക്കാനും ഘട്ടംഘട്ടമായി ഒഴിവാക്കാനും കരാര്‍ വഴിയൊരുക്കും.

ദീര്‍ഘകാല നേട്ടം, ഉടന്‍ വലിയ മാറ്റമില്ല

കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്ക് യൂറോപ്യന്‍ വിപണിയിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുമെങ്കിലും, അതിന്റെ പ്രയോജനം പൂര്‍ണമായി ലഭിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. തീരുവ കുറവുകള്‍ ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നത് എന്നതിനാല്‍, കമ്പനികളുടെ ലാഭത്തിലോ വിദേശ നിക്ഷേപ പ്രവാഹത്തിലോ ഉടന്‍ വലിയ ചലനം ഉണ്ടാകില്ലെന്നാണ് വിപണി വിലയിരുത്തല്‍.

ജെംസ് ആന്‍ഡ് ജ്വല്ലറി, നിര്‍മാണം, ചില കയറ്റുമതി അധിഷ്ഠിത മേഖലകള്‍ എന്നിവക്ക് കരാര്‍ ഗുണകരമാകുമെങ്കിലും, ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയുടെ സ്ഥാനത്തിന് ഇത് പൂര്‍ണ ബദലാവില്ല.

യുഎസ് വിപണി ഇപ്പോഴും നിര്‍ണായകം

ഇന്ത്യക്ക് യുഎസുമായി വലിയ വ്യാപാര മിച്ചമാണ് (trade surplus) ഉള്ളത്. ഐടി സേവനങ്ങള്‍, ഫാര്‍മ, ഓട്ടോ ഘടകങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭവും സ്ഥിരതയും നല്‍കുന്നത് അമേരിക്കന്‍ വിപണിയാണ്. അതുകൊണ്ടുതന്നെ, ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ പോസിറ്റീവ് പ്രതികരണം പ്രതീക്ഷിക്കപ്പെടുന്നതെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ കരാര്‍ തന്ത്രപ്രധാനമായ വൈവിധ്യവല്‍ക്കരണ നീക്കമായാണ് വിപണി കാണുന്നത്. ഒരു വിപണിയിലേക്കുള്ള പരിധി വിട്ട ആശ്രയത്വം കുറയ്ക്കാന്‍ ഇത് സഹായിക്കും. എങ്കിലും, വരുമാനവും ലാഭവളര്‍ച്ചയും നയിക്കുന്ന പ്രധാന എന്‍ജിന്‍ എന്ന നിലയില്‍ യുഎസിന് ഇപ്പോഴും വലിയ മുന്‍തൂക്കം ഉണ്ടെന്നാണ് വിലയിരുത്തല്‍.

നിക്ഷേപക സമീപനം

നിക്ഷേപകര്‍ ഈ കരാറിനെ ദീര്‍ഘകാല കാഴ്ചപ്പാടോടെ കാണണമെന്ന് വിപണി വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. ഇത് ഇന്ത്യയുടെ ആഗോള വ്യാപാര നിലപാട് ശക്തിപ്പെടുത്തും. വിതരണ ശൃംഖലകളില്‍ (supply chains) ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. എന്നാല്‍ ഹ്രസ്വകാലത്ത് ഓഹരി വിപണിയെ ശക്തമായി കുതിപ്പിക്കാന്‍ മാത്രം ഈ കരാറിന് ശേഷിയുണ്ടാകില്ല.

മുന്നോട്ടുള്ള വഴി

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കരാര്‍ അംഗരാജ്യങ്ങളുടെയും യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും ഔപചാരിക അംഗീകാരങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വരും. ആഗോള സംരക്ഷണവാദ പ്രവണതകള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വ്യാപാര വൈവിധ്യവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com