താഴ്ന്ന വിലയ്ക്ക് ക്രൂഡ് വാങ്ങി സംഭരണികള്‍ നിറച്ചതിലൂടെ രാജ്യത്തിനു ലാഭം 5,000 കോടി
ലോക്ഡൗണിലെ ഏപ്രില്‍, മേയ് മാസങ്ങളില്‍ താഴ്ന്ന വിലയ്ക്ക് കരുതല്‍ ശേഖരത്തിലേക്ക് പരമാവധി ക്രൂഡോയില്‍ വാങ്ങിക്കൂട്ടി ഇന്ത്യ ലാഭിച്ചത് 5,000 കോടി രൂപയെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന് വേണ്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്.പി.സിഎല്‍, മാംഗ്‌ളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങി ഈ സംഭരണികളില്‍ എത്തിച്ചത്. ഇതിനുള്ള പണം പിന്നീട് കേന്ദ്രം ഈ കമ്പനികള്‍ക്ക് കൈമാറും.
കോവിഡ് ഭീതിയും ആഗോള ലോക്ക്ഡൗണും മൂലം ഡിമാന്‍ഡ് ഇടിഞ്ഞതോടെ, ക്രൂഡോയില്‍ വില രണ്ടു ദശാബ്ദക്കാലത്തെ ഏറ്റവും മോശം വിലയിലേക്ക് കുത്തനെ കുറഞ്ഞപ്പോഴാണ് ഇന്ത്യ കരുതല്‍ സംഭരണി മൊത്തമായി നിറച്ചത്. രാജ്യത്തെ ഒമ്പതര ദിവസത്തെ ഉപഭോഗത്തിന് വേണ്ട 5.33 ദശലക്ഷം ടണ്ണാണ് പെട്ടെന്നു ശേഖരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലെ റിഫൈനറികള്‍ 65 ദിവസത്തേക്കുള്ള ക്രൂഡോയിലാണ് സംഭരിച്ചുവയ്ക്കുന്നത്. കരുതല്‍ ശേഖരം കൂടിച്ചേര്‍ക്കുമ്പോള്‍ ഇത് 87 ദിവസത്തേക്കുള്ളതാകും. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ.ഇ.എ) നിര്‍ദേശിച്ചിട്ടുള്ളത് പരമാവധി 90 ദിവസത്തേക്കുള്ള ഇന്ധനം സംഭരിച്ച് വയ്ക്കാമെന്നാണ്.
കര്‍ണാടകയിലെ മംഗലാപുരം, പദൂര്‍ എന്നിവിടങ്ങളിലെ കരുതല്‍ എണ്ണ സംഭരണികളില്‍ പാതിയോളമേ ലോക്ക്ഡൗണിന് മുമ്പ് നിറഞ്ഞിരുന്നുള്ളൂ. സൗദി അറേബ്യ, ഇറാക്ക്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ എണ്ണവാങ്ങി ഈ സംഭരണികള്‍ നിറച്ചു. വിശാഖപട്ടണത്തെ കരുതല്‍ സംഭരണിയും ഇത്തരത്തില്‍ നിറച്ചു. രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടുന്ന വേളയിലും ക്ഷാമം ഉണ്ടാകുമ്പോഴും കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണ ആഭ്യന്തര വിപണിയിലേക്ക് ഒഴുക്കുന്നത്, വില വര്‍ദ്ധനയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശവാദം. ഉപഭോഗത്തിന് ആവശ്യമായ 83 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്റ്റിറ്റി ഒഫ് ഇന്ത്യയ്ക്കാണ് (ഐ.എസ്.ആര്‍.പി.എല്‍) ഈ സംഭരണികളുടെ ചുമതല. 1.5 മില്യണ്‍ ടണ്ണാണ് മംഗലാപുരം സംഭരണിയുടെ ശേഷി. ഇതിന്റെ പകുതി ശേഷി നേരത്തേ ഉപയോഗിച്ചിരുന്നത് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ആയിരുന്നു. 2.5 മില്യണ്‍ ടണ്ണാണ് (ഏകദേശം 17 ദശലക്ഷം ബാരല്‍) പദൂര്‍ സംഭരണിയുടെ ശേഷി. 2018 നവംബറില്‍ ഇതിന്റെ പകുതി ഉപയോഗിക്കാന്‍ അഡ്നോക്കുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തിയിരുന്നില്ല. സൗദിയില്‍ നിന്ന് കഴിഞ്ഞമാസങ്ങളില്‍ 1.25 മില്യണ്‍ ടണ്‍ എണ്ണവാങ്ങി കേന്ദ്രം ഈ സംഭരണി നിറച്ചു.ലോക്ഡൗണില്‍ ഏതാനും ഒഴിവ് മാത്രമാണ്, 1.33 മില്യണ്‍ ടണ്‍ ശേഷിയുള്ള വിശാഖപട്ടണം സംഭരണിയില്‍ ഉണ്ടായിരുന്നത്. ഇറാക്കില്‍ നിന്നുള്ള ക്രൂഡോയിലെത്തിച്ച് ഇതും നിറച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline