

പ്രവചനങ്ങള്‍ തെറ്റിച്ച് ജി.ഡി.പി വളര്‍ച്ച. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ജി.ഡി.പി വളര്‍ന്നത് 8.2 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 5.6 ശതമാനമായിരുന്നു വളര്‍ച്ച. 6 പാദത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രണ്ടാം പാദത്തിലെ ജി.ഡി.പി മൂല്യം 48.63 ലക്ഷം കോടി രൂപയാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 44.94 ലക്ഷം കോടിയായിരുന്നു. നോമിനല്‍ ജി.ഡി.പി 8.7 ശതമാനം വളര്‍ന്ന് 82.25 ലക്ഷം കോടി രൂപയായി. മുന്‍വര്‍ഷം ഇത് 78.40 ലക്ഷം കോടി രൂപയായി.
ദ്വിതീയ, ത്രിതീയ മേഖലകളാണ് വളര്‍ച്ചക്ക് ചുക്കാന്‍ പിടിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്പാദന മേഖല (Manufacturing) 9.1 ശതമാനവും നിര്‍മാണ (Construction) മേഖല 7.2 ശതമാനവും വളര്‍ന്നു. ഫിനാന്‍ഷ്യല്‍, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ് മേഖല 10.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം സേവന മേഖല 9.2 ശതമാനം വളര്‍ന്നതായും കണക്കുകള്‍ പറയുന്നു. അതേസമയം, കാര്‍ഷിക, അനുബന്ധ മേഖല 3.5 ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടല്‍ സപ്ലൈ മേഖല 4.4 ശതമാനവും നേട്ടമുണ്ടാക്കി.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 7 ശതമാനം ജി.ഡി.പി വളര്‍ച്ചയുണ്ടാകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് അടക്കമുള്ളവരുടെ പ്രവചനം. ഒന്നാം പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് കണക്കിലെടുത്ത് രണ്ടാം പാദത്തിലെ വളര്‍ച്ചാ പ്രതീക്ഷ 6.5 ശതമാനത്തില്‍ നിന്ന് 6.8 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് പ്രവചനത്തേക്കാള്‍ കൂടിയ വളര്‍ച്ചയുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതിയിരുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7.3 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് കഴിഞ്ഞ ആഴ്ച റോയിട്ടേഴ്‌സ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ തെളിഞ്ഞത്. ദി ഇക്കണോമിക്‌സ് ടൈംസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും 7.3 ശതമാനമായികരുന്നു പ്രവചനം. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 7.5 ശതമാനവും ഐ.സി.ഐ.സി.ഐ 7.6 ശതമാനവുമായിരുന്നു പ്രവചിച്ചിരുന്നത്.
ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയത് ജി.ഡി.പി വളര്‍ച്ചയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതിനെ മറികടന്നാണ് മികച്ച വളര്‍ച്ച നേടാനായത്. ട്രംപിന്റെ താരിഫ് ഏറെക്കാലം നിലനില്‍ക്കുമെന്നും അത് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 6.6 ശതമാനവും അടുത്ത വര്‍ഷത്തേത് 6.2 ശതമാനവും ആയിരിക്കുമെന്നായിരുന്നു ഐ.എം.എഫ് പ്രതിനിധിയുടെ പ്രവചനം. എന്നാല്‍ ഈ പ്രവചനങ്ങളെ കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ ജി.എസ്.ടി ഇളവിന്റെ നേട്ടം പൂര്‍ണമായും കിട്ടുന്നതിന് മുമ്പാണ് ജി.ഡി.പി വളര്‍ച്ചയില്‍ കുതിപ്പ് രേഖപ്പെടുത്തിയതെന്നതും ശ്രദ്ധേയം. ജി.എസ്.ടി ഇളവ് തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടാം പാദത്തില്‍ ഗാര്‍ഹിക, ഗ്രോസറി ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. ജി.എസ്.ടി ഇളവ് ജനങ്ങളുടെ കൈവശം ചുരുങ്ങിയത് രണ്ട് ലക്ഷം കോടി രൂപയെങ്കിലും എത്തിക്കുമെന്നായിരുന്നു ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രവചനം. ഈ കാലയളവില്‍ സ്വകാര്യ ഉപഭോഗം (Private Consumption) വര്‍ധിച്ചതും ജി.ഡി.പി വളര്‍ച്ചയെ സഹായിച്ചെന്നും വിലയിരുത്തലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine