സ്വര്‍ണത്തില്‍ അച്ഛേദിന്‍! വില വീണ്ടും കുറഞ്ഞു, ആഭരണം വാങ്ങാന്‍ ആളും കുറഞ്ഞു, എല്ലാവര്‍ക്കും നിക്ഷേപം മതിയെന്ന്

യു.എസ് ഫെഡ് റിസര്‍വ് പലിശ കുറക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണ വില കുറയുന്നതാണ് പതിവ്
Gold Ornaments
gold merchantsImage courtesy : AdobeStocks
Published on

അമേരിക്കന്‍ ഫെഡ് റിസര്‍വിന്റെ പലിശ തീരുമാനത്തിന് പിന്നാലെ സ്വര്‍ണത്തിന് വീണ്ടും മനം മാറ്റം. സംസ്ഥാനത്ത് ഉച്ചക്ക് ശേഷം ഗ്രാമിന് 50 രൂപ കൂടി കുറഞ്ഞു. ഗ്രാമിന് 10,880 രൂപയിലാണ് ഇനിയുള്ള വ്യാപാരം. പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയിലുമെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,955 രൂപയിലെത്തി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,960 രൂപയിലും 9 കാരറ്റിന് 4,490 രൂപയിലുമാണ് വ്യാപാരം. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 156 രൂപയാണ് വില.

യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് 25 ബി.പി.എസ് കുറക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സ്വര്‍ണ വില വര്‍ധിക്കേണ്ടതാണ്. എന്നാല്‍ ഡിസംബറില്‍ വീണ്ടും പലിശ നിരക്ക് കുറക്കില്ലെന്ന ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ സൂചന നല്‍കിയതാണ് വില ഇടിയാന്‍ കാരണം. ഇതിനൊപ്പം യു.എസ്-ചൈന വ്യാപാര തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കപ്പെട്ടതും സ്വര്‍ണ വില ഇടിയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

ഒരു പവന്‍ പൊന്നിന്

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കേരളത്തില്‍ 95,187 രൂപ നല്‍കിയാല്‍ മതി. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത തുകയാണിത്. ഒരു ലക്ഷം രൂപക്ക് മുകളിലെത്തിയ ശേഷമാണ് ആഭരണ വില താഴേക്ക് ഇറങ്ങുന്നതെന്നും ശ്രദ്ധേയമാണ്.

ആഭരണം വാങ്ങാന്‍ ആളില്ലെന്ന്

അതേസമയം, വില വര്‍ധിച്ചെങ്കിലും സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യക്കാരുടെ സ്വര്‍ണനിക്ഷേപം വര്‍ധിച്ചെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കുകള്‍ പറയുന്നു. ഏകദേശം 10 ബില്യന്‍ ഡോളറിന്റെ (ഏകദേശം 88,657 കോടി രൂപ) സ്വര്‍ണ നിക്ഷേപമാണ് ഇന്ത്യക്കാര്‍ നടത്തിയത്. നിക്ഷേപകരുടെ ഇഷ്ട ഇനമായി സ്വര്‍ണം ഇപ്പോഴുമുണ്ട്. ഇക്കാര്യത്തിലെ ഡിമാന്‍ഡ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധിച്ചു.

എന്നാല്‍ ആഭരണ രൂപത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഈ കാലയളവില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണ ഉപഭോഗം 16 ശതമാനം ഇടിഞ്ഞ് 209.4 ടണ്ണിലെത്തി. ആഭരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് 31 ശതമാനം കുറഞ്ഞ് 117.7 ടണ്ണിലെത്തി. 2025ലെ ആദ്യ ഒമ്പത് മാസത്തിലെ ആകെ സ്വര്‍ണ ഉപഭോഗത്തിന്റെ 40 ശതമാനവും നിക്ഷേപത്തിലായിരുന്നു. ഗോള്‍ഡ് ഇ.ടി.എഫുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അടുത്ത പാദത്തിലെ സ്വര്‍ണ ഡിമാന്‍ഡും വര്‍ധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

Investment in gold in India topped $10 billion in the September quarter even as gold rates in Kerala slipped amid weaker demand.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com