അഞ്ച് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ആന്റി ഡംബിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്തി ഇന്ത്യ

ചില അലുമിനിയം ഉല്‍പ്പന്നങ്ങള്‍ മുതല്‍ രാസവസ്തുക്കള്‍ വരെ അഞ്ചു ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ നിന്ന് അമിതമായി ഇറക്കുമതി ചെയ്യുന്നത് തടയാന്‍ ആന്റി ഡംബിംഗ് ഡ്യൂട്ടി ചുമത്തി കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഞ്ചു വര്‍ഷത്തേക്കാണ് തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അറിയിച്ചു. ഡൈ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോഡിയം ഹൈഡ്രോ സള്‍ഫൈറ്റ്, സോളാര്‍ ഫോട്ടോവോള്‍ട്ടൈക് മൊഡ്യുള്‍സ്, തെര്‍മല്‍ പവര്‍ മേഖലകളില്‍ ഉപയോഗിക്കുന്ന സിലികോണ്‍ സീലന്റ്, റെഫ്രിജിറേഷന്‍ ഇന്‍ഡസ്ട്രി ഉപയോഗിക്കുന്ന ഹൈഡ്രോഫ്‌ളോറോ കാര്‍ബണ്‍ ആര്‍ 32, ഹൈഡ്രോഫ്‌ളോറോ കാര്‍ബണ്‍ ബ്ലെന്‍ഡ്‌സ് തുടങ്ങിയവയാണ് തീരുവ ചുമത്തപ്പെട്ട ഉല്‍പ്പന്നങ്ങള്‍.

ഇന്ത്യയിലെ സാധാരണ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ചൈനയില്‍ നിന്ന് ലഭിക്കുന്നതിനാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ആക്‌സില്‍ പോലെയുള്ള ചില വാഹന ഭാഗങ്ങള്‍ക്കും തീരുവ ചുമത്തിയിട്ടുണ്ട്. അതേപോലെ ഇറാന്‍, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്ന് കാല്‍സൈന്‍ഡ് ജിപ്‌സം പൗഡര്‍ ഇറക്കുമതി ചെയ്യുന്നതിനും പ്രത്യേക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി.
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര ഉല്‍പ്പാദകരെ പ്രതിസന്ധിയിലാക്കുമ്പോള്‍ ആന്റി ഡംബിംഗ് ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ ലോക വ്യാപാര സംഘടന അനുവദിക്കുന്നുണ്ട്. ചൈനയില്‍ നിന്നുള്ള അമിത ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് ഈ നിയമം ഇന്ത്യ കൂടുതലായും ഉപയോഗിക്കുന്നത്. 2021 ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ 12.26 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ചൈനയിലേക്ക് നടത്തിയത്. അതേസമയം ചൈനയില്‍ നിന്ന് 42.33 ശതകോടി ഡോളറിന്റെ ഇറക്കുമതി ഇന്ത്യ നടത്തുന്നുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it