പ്രകൃതി ദുരന്തങ്ങള്‍; ഇന്ത്യയ്ക്ക് നഷ്ടം 87 ബില്യണ്‍ ഡോളര്‍

കേരളം ഉള്‍പ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പ്രകൃതി ദുരന്തങ്ങളുടെ തീവ്രത അറിഞ്ഞവരാണ്. ചുഴലിക്കാറ്റ്, പ്രളയം, വരള്‍ച്ച തുടങ്ങിയവ സമ്പദ് വ്യവ്സ്ഥയ്ക്ക് ഉണ്ടാക്കുന്ന ആഘാതം ചില്ലറയല്ല. 2020ല്‍ മാത്രം പ്രകൃതി ദുരന്തങ്ങള്‍ മൂലം രാജ്യത്തിന് നഷ്ടമായത് 87 ബില്യണ്‍ ഡോളറാണ്. ലോക കാലാവസ്ഥാ സംഘടനയാണ് (WMO) ഇതു സംബന്ധിച്ച കണക്ക് പുറത്തു വിട്ടത്.

ആഗോള താപനത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഇരയാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള താപനത്തിന്റെ ആഘാതം ഏറ്റവും അധികം അനുഭവിക്കുന്നത് ചൈനയാണ്. കഴിഞ്ഞ വര്‍ഷം പ്രകൃതി ദുരന്തങ്ങള്‍ മൂലം 238 ബില്യണ്‍ ഡോളറാണ് ചൈനയ്ക്ക് നഷ്ടമായത്. ജപ്പാന്റെ നഷ്ടം 85 ബില്യണ്‍ ഡോളറാണ്.
ഏഷ്യന്‍ ഭുഖണ്ഡത്തില്‍ ചൂട് വര്‍ധിക്കുന്നു
സമ്പദ് വ്യവസ്ഥയെ ഏറ്റവും അധികം ബാധിച്ചത് വരള്‍ച്ചയാണ്. ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ് കടന്നു പോയത്. 1981-2010 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ശരാശരിയെക്കാള്‍ 1.39 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു ഇക്കാലയളിവില്‍ ഭൂഖണ്ഡത്തിലെ താപനില.
കഴിഞ്ഞ വര്‍ഷം കിഴക്കന്‍ ഏഷ്യ, ദക്ഷിണ ഏഷ്യന്‍ മേഖലകളിലെ വേനല്‍ മഴ അസാധാരണമായിരുന്നു. തുടര്‍ച്ചയായി ഉണ്ടായ ചുഴലിക്കാറ്റുകളും പ്രളയവും ഉരുള്‍പൊട്ടലും മേഖലയില്‍ വ്യാപകമായ കുടിയൊഴിപ്പിക്കലുകള്‍ക്ക് കാരണമായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അംഫാന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയില്‍ 2.4 ദശലക്ഷം പേര്‍ക്കും ബംഗ്ലാദേശില്‍ 2.5 ദശലക്ഷം പേരെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്.
പസഫിക്, ആര്‍ട്ടിക് എന്നിവയ്‌ക്കൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലെയും താപനിലയും അതിവേഗം ഉയരുകയാണ്. ഏഷ്യയിലെ സമുദ്രോപരിതല താപനില ആഗോള ശരാശരിയെക്കാള്‍ മൂന്നിരട്ടിയാണ് വര്‍ധിക്കുന്നത്. ഇത് ചുഴലിക്കാറ്റുകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭക്ഷ്യ സുരക്ഷയിലും പിന്നില്‍
ഭക്ഷ്യ സുരക്ഷ, പോക്ഷകാഹാരം എന്നിവയില്‍ നേടുന്ന പുരോഗതിയും മന്ദഗതിയിലാണെന്നാണ് ലോക കാലാവസ്ഥാ സംഘടന പറയുന്നത്. 2020ല്‍ തെക്ക്- കിഴക്കന്‍ ഏഷ്യയില്‍ പോഷകാഹാരക്കുറവ് നേരിട്ടവരുടെ എണ്ണം 48.8 ദശലക്ഷം ആണ്.
ഇന്ത്യന്‍ ഉപ-ഭൂഖണ്ഡം ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയിലാണ് പോഷകാഹരക്കുറവ് ഏറ്റവും കൂടുതല്‍. ഇന്ത്യ,പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ 305.7 ദശലക്ഷം പേര്‍ക്കാണ് പോഷകാഹാരക്കുറവ് കണ്ടെത്തിയത്. പശ്ചിമേഷ്യയില്‍ ഇത് 42.3 ദശലക്ഷം ആയിരുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം94ല്‍ നിന്ന് 101 ആയി താഴ്ന്നിരുന്നു.


Related Articles
Next Story
Videos
Share it