ഡിസ്‌കൗണ്ട് വെട്ടി റഷ്യ, ഗള്‍ഫ് എണ്ണയുടെ ഒഴുക്ക് കൂടി; റഷ്യന്‍ എണ്ണയെ ഇന്ത്യ കൈവിട്ടേക്കും
ഇന്ത്യക്ക് നല്‍കിയിരുന്ന ക്രൂഡോയിലിനുള്ള ഡിസ്‌കൗണ്ട് വെട്ടി റഷ്യ. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കൂട്ടിയിട്ടുമുണ്ട്. ഇതോടെ, 2023ല്‍ നിന്ന് കടകവിരുദ്ധമായി ഈ വര്‍ഷം റഷ്യന്‍ എണ്ണയെ ആശ്രയിക്കുന്നത് ഇന്ത്യ കുറയ്ക്കുമെന്ന വിലയിരുത്തലുകള്‍ ശക്തമായി.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി 2023ല്‍ 140 ശതമാനം വര്‍ധിച്ച് പ്രതിദിനം 17.9 ലക്ഷം ബാരലില്‍ എത്തിയിരുന്നു. 2022ല്‍ ഇത് പ്രതിദിനം 7.4 ലക്ഷം ബാരലായിരുന്നു. 2023ല്‍ ഇറാഖില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി പ്രതിദിനം 10.2 ലക്ഷം ബാരലും സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതി പ്രതിദിനം 7.8 ലക്ഷം ബാരലുമായിരുന്നു.
അതേസമയം ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 2023 ഡിസംബറില്‍ 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ ഡിസംബറില്‍ പ്രതിദിനം 1.48 ദശലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. നവംബറിനേക്കാള്‍ 11.6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.
ഇറക്കുമതി തടസ്സം
കഴിഞ്ഞ ഒരു മാസത്തോളമായി പാശ്ചാത്യ ഉപരോധങ്ങളും പേയ്മെന്റുകളും സംബന്ധിച്ച പ്രശ്നങ്ങളാല്‍ റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സോക്കോള്‍ ക്രൂഡിന്റെ ഇറക്കുമതി തടസ്സപ്പെട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) സോക്കോള്‍ ക്രൂഡുമായി വരുന്ന ആറ് എണ്ണ ടാങ്കറുകള്‍, ലക്ഷ്യ തുറമുഖങ്ങളായ വാദിനാര്‍, പാരദീപ് എന്നിവിടങ്ങളില്‍ എത്താന്‍ കഴിയാതെ ആഴ്ചകളായി ഇന്ത്യന്‍ സമുദ്രത്തിന് സമീപം നില്‍ക്കുകയാണ്.
ഇന്ത്യന്‍ റിഫൈനറികള്‍ സാധാരണയായി പ്രതിദിനം ശരാശരി 1,40,000 ബാരല്‍ സോക്കോള്‍ എണ്ണയാണ് സംഭരിച്ചുവന്നിരുന്നത്. എന്നാല്‍ ഡിസംബറില്‍ സോക്കോള്‍ ക്രൂഡ് വാങ്ങിയില്ല. ഡിസംബറില്‍ ഇന്ത്യയുടെ പ്രതിദിനം 4.51 ദശലക്ഷം ബാരല്‍ എണ്ണ ഇറക്കുമതിയുടെ 32.9 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു. നവംബറില്‍ ഇത് 37.1 ശതമാനമായിരുന്നു. ഡിസംബറില്‍ ഇറാഖ് 22 ശതമാനവും സൗദി അറേബ്യ 15.6 ശതമാനവുമാണ് ക്രൂഡ് ഇറക്കുമതിയിലേക്ക് സംഭാവന ചെയ്തത്.