ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ; 13 ബില്യണ്‍ ഡോളറിന് അഞ്ചാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ

2021ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ആറാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. അഞ്ചാം സ്ഥാനത്തുള്ള യുകെയുടെയും ഇന്ത്യയുടെയും സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യത്യാസം (current price) വെറും 13 ബില്യണ്‍ ഡോളറാണ്. 2019-20ല്‍ നിന്ന് 2020-21ല്‍ 17.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് (236.44 ട്രില്യണ്‍ രൂപ) ഇന്ത്യ നേടിയത്.

യുകെയുടെയും ഇന്ത്യയുടെയും സമ്പദ്‌വ്യവസ്ഥ യഥാക്രമം 3.19 ട്രില്യണ്‍ ഡോളറിന്റെയും 3.17 ട്രില്യണ്‍ ഡോളറിന്റേതുമാണ്. ഇക്കാലയളവില്‍ ഡോളറിനെതിരെ രൂപ 0.55 ശതമാനം ഇടിഞ്ഞപ്പോള്‍ ബ്രിട്ടീഷ് പൗണ്ടിന് 6.5 ശതമാനം മൂല്യത്തകര്‍ച്ചയാണ് ഉണ്ടായത്.

2019ല്‍ ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലുള്ള വ്യത്യാസം 50 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 2020ല്‍ വ്യത്യാസം 90 ബില്യണ്‍ ഡോളറായി വീണ്ടും വര്‍ധിച്ചു. എന്നാല്‍ 2021ല്‍ വ്യത്യാസം 13 ബില്യണ്‍ ഡോളറായി കുത്തനെ താഴ്ന്നു. അധികം വൈകാതെ യുകെയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

ഫ്രാന്‍സ് ആണ് ഇന്ത്യക്ക് പിന്നില്‍. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. അതേ സമയം വാങ്ങല്‍ ശേഷിയില്‍ (purchasing power parity) ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത് (10.22 ട്രില്യണ്‍ ഡോളര്‍). ജപ്പാന്‍, ജര്‍മനി, യുകെ, ഫ്രാന്‍സ് എന്നിവയാണ് വാങ്ങല്‍ ശേഷിയില്‍ ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it