

ശക്തമാകുന്ന എൽ നിനോ (El Niño) പ്രതിഭാസം കാരണം ഇന്ത്യയിൽ ഇത്തവണ 17 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൺസൂൺ മഴ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിച്ച മഴയുടെ അളവ് സാധാരണ ലഭിക്കേണ്ട ദീർഘകാല ശരാശരിയേക്കാൾ 15 ശതമാനം കുറവാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) വ്യക്തമാക്കുന്നു.
ഈ ദൗർലഭ്യം തുടരുകയാണെങ്കിൽ, 18 ശതമാനം കുറവ് രേഖപ്പെടുത്തിയ 2009-ന് ശേഷമുള്ള ഏറ്റവും ദുർബലമായ മൺസൂൺ സീസണായി ഇത് മാറും. സെപ്റ്റംബർ അവസാനത്തോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ചുഴലിക്കാറ്റ് കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിൽ അൽപ്പം ആശ്വാസം നൽകിയേക്കാമെങ്കിലും, രാജ്യത്തെ മൊത്തം മഴയിലെ കുറവ് 13 മുതൽ 16 ശതമാനം വരെയായി തുടരുമെന്ന് ഗ്ലോബൽ വെതർ ക്ലൈമറ്റ് അനലിറ്റിക്‌സ് വിലയിരുത്തുന്നു.
ലങ്കാസ്റ്റർ സർവ്വകലാശാലയുടെ പ്രവചന പ്ലാറ്റ്‌ഫോം അനുസരിച്ച് മൺസൂൺ മഴ സാധാരണയേക്കാൾ 10 മുതൽ 20 ശതമാനം വരെ കുറയാൻ 68 ശതമാനം സാധ്യതയുണ്ട്. ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് മൺസൂൺ നിർണായകമാണ്, കോടിക്കണക്കിന് കർഷകരാണ് കൃഷിക്കായി മഴയെ ആശ്രയിക്കുന്നത്. അരി, പഞ്ചസാര, പരുത്തി എന്നിവയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ ഉത്പാദകരിൽ ഒന്നാണ് ഇന്ത്യ.
തുടർച്ചയായ മഴക്കുറവ് നിലവിലെ വിളവെടുപ്പിനെയും തുടർന്നുള്ള കൃഷി ചക്രത്തെയും ബാധിച്ച് ഭക്ഷ്യവില വർദ്ധനവിന് വഴിവെക്കും. നെല്ല്, കരിമ്പ്, ചോളം എന്നിവയുടെ കൃഷി വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ പിന്നിലാണ്. ഓഗസ്റ്റിലെ ഭക്ഷ്യ പണപ്പെരുപ്പം തുടർച്ചയായ ഏഴാം മാസവും ഉയർന്ന് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.95 ശതമാനത്തിൽ എത്തിനിൽക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine