Begin typing your search above and press return to search.
2047 ല്‍ വികസിത സമ്പദ്‌വ്യവസ്ഥയാകാന്‍ ഇന്ത്യക്ക് കടമ്പകളേറെയെന്ന് ഐ.എം.എഫിലെ കൃഷ്ണ ശ്രീനിവാസൻ
2047 ഓടെ ഒരു വികസിത സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യക്ക് 6.5 ശതമാനം വളർച്ച നിരക്ക് മതിയാകില്ല. ഇതിനായി വളരെ വലിയ ഘടനാപരമായ പരിഷ്കാരങ്ങൾ സംഭവിക്കേണ്ടതുണ്ടെന്ന് ഐ.എം.എഫ് ഏഷ്യ-പസഫിക് ഡയറക്ടര്‍ കൃഷ്ണ ശ്രീനിവാസൻ പറയുന്നു. 7 ശതമാനം വളർച്ചയോടെയാണ് ആരംഭിക്കുന്നതെങ്കിൽ പോലും ഇന്ത്യയില്‍ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ല.
ഇന്ത്യയില്‍ ഓരോ വർഷവും 1.4 കോടി തൊഴില്‍ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത് വളരെ പരിമിതമാണ്. ഹ്രസ്വകാലത്തേക്കായി ലേബർ കോഡുകൾ രാജ്യം നടപ്പിലാക്കേണ്ടതുണ്ട്, തൊഴിൽ വിപണികള്‍ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഇത്തരം നടപടികള്‍ ആവശ്യമാണെന്നും കൃഷ്ണ ശ്രീനിവാസൻ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
കാർഷിക പരിഷ്കാരങ്ങൾ ഊര്‍ജസ്വലമാക്കണം
രണ്ടാമതായി, വ്യാപാര നിയന്ത്രണങ്ങൾ കുറയ്ക്കേണ്ടതുണ്ട്. കമ്പനികളെ കൂടുതൽ ഫലപ്രദമായി മത്സരിക്കാൻ അനുവദിക്കുന്നതിനും സേവന വിതരണ ശൃംഖലകൾ മികച്ച രീതിയിൽ സംയോജിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ ശരാശരി താരിഫ് വർദ്ധിക്കുന്നതായാണ് നമ്മള്‍ കണ്ടുവരുന്നത്. വ്യാപാര നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
ഫിസിക്കൽ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ ഊന്നല്‍ നല്‍കേണ്ടത് തുടരേണ്ടത് അത്യാവശ്യമാണ് എന്നതാണ് മൂന്നാമത്തെ കാര്യം. ഈ മൂന്ന് കാര്യങ്ങള്‍ ഹ്രസ്വകാലത്തേക്ക് വളരെ പ്രധാനമാണ്. ഇവയ്ക്കു പുറമെ കൂടുതൽ മികച്ച വളർച്ച ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസം, നൈപുണ്യം തുടങ്ങിയവ ശക്തിപ്പെടുത്തുക, കാർഷിക പരിഷ്കാരങ്ങൾ ഊര്‍ജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകുക, സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവ പ്രധാനമാണ്.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍
ഇന്ത്യയിലെ ചുവപ്പുനാട കുറയ്ക്കുന്നതിലും വളരെയധികം പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യ 8 ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിച്ചാല്‍ മാത്രമാണ് നമ്മള്‍ പ്രതീക്ഷിക്കുന്ന പുരോഗതി കൈവരിക്കാന്‍ സാധിക്കുകയെന്നും കൃഷ്ണ ശ്രീനിവാസൻ പറയുന്നു.
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷം ഇന്ത്യ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതുണ്ട്. ദിനംപ്രതി പശ്ചിമേഷ്യയില്‍ സംഭവ വികാസങ്ങള്‍ രൂപപ്പെടുന്നതിനാല്‍, അതിന്റെ മൊത്തത്തിലുള്ള ആഘാതം വളരെ വേഗത്തിൽ പ്രവചിക്കുന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്.
എണ്ണവിലയിലെ 10% വർദ്ധന പോലും അടുത്ത വർഷം ആഗോള ജിഡിപി 0.15 ശതമാനം കുറയുന്നതിനും പണപ്പെരുപ്പം 0.4 ശതമാനം വർദ്ധിക്കുന്നതിനും ഇടയാക്കും. വലിയ തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് ഈ കണക്കുകള്‍ വളരെ കൂടുതലായിരിക്കുമെന്നും കൃഷ്ണ ശ്രീനിവാസൻ അഭിപ്രായപ്പെട്ടു.
Next Story
Videos