ഇന്ത്യ വളരാന്‍ കൂട്ടണം ആര്‍&ഡി ചെലവുകള്‍: പഠന റിപ്പോര്‍ട്ടുകള്‍

ഉടന്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മുന്നില്‍ ഒരു പ്രശ്നമുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിനു (R&D) ഗവേഷണ-വികസനം) വേണ്ടി ഇന്ത്യ കാര്യമായി പണം ചെലവഴിക്കുന്നില്ല എന്നതാണ് അത്.

ഇന്ത്യയിലെ ഏറ്റവും വലിയ 500 കമ്പനികള്‍ക്കിടയില്‍ 'ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്' നടത്തിയ പഠനത്തില്‍ വ്യക്തമായത് 2023 സാമ്പത്തിക വര്‍ഷത്തില്‍ നടന്ന ആകെ വില്‍പ്പനയുടെ 0.3 ശതമാനം മാത്രമാണ് ഈ കമ്പനികള്‍ ആര്‍&ഡിക്കു വേണ്ടി മാറ്റിവെച്ചത് എന്നാണ്. ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രസിദ്ധീകരിച്ച മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ആര്‍&ഡിക്കു വേണ്ടിയുള്ള രാജ്യത്തിന്റെ മൊത്തം ചെലവ് ജി.ഡി.പിയുടെ 0.64 ശതമാനം മാത്രമാണ്. അതേസമയം ചൈനയുടേത് 2.5 ശതമാനവും യു.എസിന്റേത് 3.4 ശതമാനവുമാണ്.
സാമ്പത്തിക വളര്‍ച്ച നേടുന്നതിന് നാം ഇന്നൊവേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ എണ്ണം കൂട്ടാതെ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ആര്‍&ഡിയും പ്രതിശീര്‍ഷ ജി.ഡി.പിയും തമ്മില്‍ വ്യക്തമായ ബന്ധമുണ്ടെന്ന് നീതി അയോഗ് ചൂണ്ടിക്കാട്ടുന്നു. നമ്മുടെ പ്രധാനമന്ത്രി വിഭാവനം ചെയ്തതു പോലെ 2047 ഓടെ ഉയര്‍ന്ന വരുമാനമുള്ള രാജ്യമായി മാറണമെങ്കില്‍ ജി.ഡി.പിയും ആര്‍&ഡി ചെലവിടലും കൂടിയേ തീരൂ.
ഇന്‍ഫോസിസിന്റെ മുന്‍ വൈസ് ചെയര്‍മാനും എം.ഡിയുമായിരുന്ന ക്രിസ് ഗോപാലകൃഷ്ണന്‍ പറയുന്നതു പോലെ, ഇപ്പോഴുള്ള 0.7 ശതമാനത്തില്‍ നിന്ന് ജി.ഡി.പിയുടെ മൂന്നു ശതമാനമെങ്കിലും ഇന്ത്യ ആര്‍&ഡിക്കു വേണ്ടി ചെലവഴിക്കേണ്ടതുണ്ട്. ലോക ജനസംഖ്യയുടെ 20% വസിക്കുന്ന ഇന്ത്യയ്ക്ക് ആഗോള പാരിസ്ഥിതിക വ്യവസ്ഥയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു.


Related Articles

Next Story

Videos

Share it