റഷ്യയുടെ കൈയില്‍ കുന്നുകൂടി രൂപ: ഇന്ത്യയില്‍ നിക്ഷേപിച്ചേക്കും

ഇന്ത്യയുമായുള്ള വ്യാപാരത്തിന്റെ ഭാഗമായി റഷ്യയ്ക്ക് ലഭിച്ച ശതകോടിക്കണക്കിന് രൂപ ഇന്ത്യയില്‍ തന്നെ നിക്ഷേപിച്ചേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു.18-ാമത് ജി20 ഉച്ചകോടിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് പകരമാണ് സെര്‍ജി ലവ്റോവ് പങ്കെടുത്തത്.

ശതകോടിക്കണക്കിന് രൂപയുടെ മിച്ചം

കയറ്റുമതിക്ക് പുതിയ നിയമം എത്തിയതോടെ ഇന്ത്യയും റഷ്യയും വ്യാപാരം രൂപയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ എണ്ണ ഇറക്കുമതിയിലെ വര്‍ധന മൂലം ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിച്ചപ്പോള്‍ റഷ്യയില്‍ അതിവേഗം ശതകോടിക്കണക്കിന് രൂപയുടെ മിച്ചം ഉണ്ടായി. ഇതോടെ ഈ പുതിയ വ്യാപാര സംവിധാനം പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിച്ചില്ല. ഈ മിച്ചം വന്ന തുക ഇന്ത്യന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനാണ് ഇപ്പോള്‍ വഴിയൊരുങ്ങുന്നത്.

2022 ജൂലൈയില്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) പുറത്തിറക്കിയ രൂപയുടെ സെറ്റില്‍മെന്റിനുള്ള നിയമത്തിന് അനുസൃതമായി ഈ അധിത രൂപ നിക്ഷേപിക്കാന്‍ റഷ്യയ്ക്ക് അവസരം ലഭിച്ചേക്കും. ചട്ടക്കൂട് അനുസരിച്ച് വോസ്‌ട്രോ അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്ന അധിക രൂപ അനുവദനീയമായ മൂലധന, കറന്റ് അക്കൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാം. അതായത് പദ്ധതികള്‍ക്കും നിക്ഷേപങ്ങള്‍ക്കുമുള്ള പേയ്മെന്റുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികളിലെ നിക്ഷേപം തുടങ്ങിയവയ്ക്കായി ഉപയോഗിക്കാം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it