ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 13.5 ശതമാനം
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2022-23) ഒന്നാം പാദത്തിലെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (GDP) സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (NSO). ഏപ്രില്‍-ജൂണ്‍ കാലയളവില്‍, ജിഡിപി 13.5 ശതമാനം ആണ് വളര്‍ന്നത്. ഇക്കാലയളവില്‍ ഇന്ത്യ 15.7 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു ആര്‍ബിഐയുടെ പ്രവചനം.
36.85 ലക്ഷം കോടി രൂപയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനമാണ് (Real GDP) ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഉണ്ടായത്. മുന്‍വര്‍ഷം 32.46 ലക്ഷം കോടി രൂപയുടേതായിരുന്നു മൊത്ത ഉല്‍പ്പാദനം. 2011-12 സാമ്പത്തിക വര്‍ഷത്തെ വിലയെ അടിസ്ഥാനമാക്കിയാണ് റിയല്‍ ജിഡിപി കണക്കാക്കുന്നത്. നിലവിലെ വിലയെ (Current Price in Q1, 2022-23) അടിസ്ഥാനമാക്കി കണക്കാക്കുന്ന നോമിനല്‍ ജിഡിപി (Nominal GDP) അഥവാ GDP at Current Price 64.95 ലക്ഷം കോടി രൂപയാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 32.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് നോമിനല്‍ ജിഡിപിയില്‍ ഉണ്ടായത്. രണ്ടാം പാദത്തിലെ കണക്കുകള്‍ (ജൂലൈ-സെപ്റ്റംബര്‍) നവംബര്‍ 30ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഒമിക്രോണ്‍ വ്യാപനം മൂലം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച 4.1 ശതമാനം മാത്രമായിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ആര്‍ബിഐ രാജ്യത്തെ പലിശ നിരക്ക് ഉയര്‍ത്തുന്നത് വരും പാദങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും എന്നാണ് വിലയിരുത്തല്‍. 2022 ഏപ്രില്‍ -ജൂണ്‍ കാലയളവില്‍ ചൈനീസ് സമ്പദ് വ്യവസ്ഥ 0.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.