
ചൈനയെയും അമേരിക്കയെയും പിന്നിലാക്കി, സാമ്പത്തിക സമത്വത്തില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുന്നതായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ സമ്പത്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിലുള്ള തുല്യതയെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. ഇതിനായി തയാറാക്കിയ ഗിനി ഇന്‍ഡക്‌സില്‍ (Gini Index) ഇന്ത്യക്കുള്ളത് 25.5 പോയിന്റാണ്. ചൈനയെക്കാളും (35.7), യുഎസിനേക്കാളും (41.8) മുന്നിലാണ് ഇന്ത്യ. സ്ലോവാക് റിപ്പബ്ലിക്, സ്ലോവാനിയ, ബെലാറസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇന്‍ഡക്‌സ് നിരക്ക് കുറയുന്നതിന് അനുസരിച്ച് സമത്വം കൂടുന്നുവെന്നാണ് കണക്ക്.
ലോകബാങ്കിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയില്‍ 2011 നും 2023 നും ഇടയില്‍ 17.1 കോടി ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് മുകളിലെത്തി. രാജ്യത്തെ ദാരിദ്ര്യത്തിന്റെ നിരക്ക് 16.2 ശതമാനത്തില്‍ നിന്ന് 2.3 ശതമാനത്തിലേക്ക് കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജന പോലുള്ള പദ്ധതികള്‍ സാമ്പത്തിക അസമത്വം കുറയാന്‍ കാരണമായിട്ടുണ്ട്. 55 കോടി ജനങ്ങള്‍ക്ക് ഈ അക്കൗണ്ടുകളിലൂടെ 2023 മാര്‍ച്ച് വരെ 3.48 ലക്ഷം കോടി രൂപ നല്‍കിയിട്ടുണ്ട്.
ആരോഗ്യ രംഗത്ത് ഇന്ത്യാ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ ചികില്‍സാ രംഗത്തും സമത്വമുണ്ടാക്കിയതായി ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. ഇതുവരെ 41 കോടി ജനങ്ങള്‍ ഈ പദ്ധതിയില്‍ അംഗങ്ങളാണ്. സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി 80 കോടി ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്നതായും ലോക ബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine