ഭക്ഷ്യസാധനങ്ങൾക്ക് വിലയേറുന്നു: ചില്ലറ പണപ്പെരുപ്പം പരിധി വിട്ട് 4.45% ത്തിലേക്ക്

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് പണപ്പെരുപ്പം കൂടുതൽ രൂക്ഷം
ഭക്ഷ്യസാധനങ്ങൾക്ക് വിലയേറുന്നു: ചില്ലറ പണപ്പെരുപ്പം പരിധി വിട്ട് 4.45% ത്തിലേക്ക്
Published on

ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം ജൂലൈ മാസത്തിൽ 4.45 ശതമാനമായി വർദ്ധിച്ചു. തുടർച്ചയായ നാലാം മാസമാണ് പണപ്പെരുപ്പത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ജൂണിൽ ഇത് 4.38 ശതമാനമായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നിശ്ചയിച്ചിട്ടുള്ള 4 ശതമാനം എന്ന പരിധിയേക്കാൾ പണപ്പെരുപ്പം ഉയർന്നുനിൽക്കുന്ന തുടർച്ചയായ രണ്ടാം മാസമാണിത്.

ഉള്ളിക്കും ഇഞ്ചിക്കും വില കൂടി

ഭക്ഷ്യസാധനങ്ങളുടെ വിലവർദ്ധനവാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമായത്. കൺസ്യൂമർ ഫുഡ് പ്രൈസ് ഇൻഡക്സ് ജൂണിലെ 5.32 ശതമാനത്തിൽ നിന്ന് ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നു. വ്യക്തിഗത ഇനങ്ങളിൽ ഇഞ്ചി (83.62%), വെളുത്തുള്ളി (35.36%), ഉള്ളി (22.54%) എന്നിവയുടെ വിലയിൽ വൻ വർദ്ധനവുണ്ടായി. വെള്ളി ആഭരണങ്ങളുടെ വില 109.84 ശതമാനവും സ്വർണം, ഡയമണ്ട് ആഭരണങ്ങൾ എന്നിവയുടെ വില 32.98 ശതമാനവും ഉയർന്നു. അതേസമയം, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളുടെ വിലയിൽ ജൂലൈയിൽ കുറവുണ്ടായിട്ടുണ്ട്.

5% കടന്നേക്കാം

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് പണപ്പെരുപ്പം കൂടുതൽ രൂക്ഷമായിരിക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 4.84 ശതമാനവും നഗരങ്ങളിൽ 3.96 ശതമാനവുമാണ്. സംസ്ഥാനാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, തെലങ്കാനയിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം (6.32%) രേഖപ്പെടുത്തിയത്. ആന്ധ്രാപ്രദേശ് (5.72%), തമിഴ്‌നാട് (5.44%) എന്നിവ തൊട്ടുപിന്നിലുണ്ട്. വരും മാസങ്ങളിലും പണപ്പെരുപ്പം ഉയരാൻ സാധ്യതയുണ്ടെന്നും ഇത് 5 ശതമാനത്തിന് മുകളിലേക്ക് എത്തിയേക്കാമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇത് പലിശ നിരക്ക് വർദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com