സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ 41 ശതമാനം ഇടിവ് ; ഇത് 11 വര്‍ഷത്തെ ഏറ്റവും വലിയ കുറവ്

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ 41 ശതമാനം കുറവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 73.9 ടണ്‍ ആണ് ഇക്കാലയളവിലെ വില്‍പ്പന. കോറോണ ഭീതി മൂലം സ്വര്‍ണത്തിന്റെ വില കുറച്ചു നാളുകളായി ഉയര്‍ച്ചയിലായതാണ് ഡിമാന്‍ഡിനെ ബാധിച്ചത്. ഇക്കാലയളവില്‍ ആഗോളതലത്തില്‍ ഇടിവ് 39 ശതമാനമാണ്.

അതേ സമയം സ്വര്‍ണാഭരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയില്‍ ഇക്കാലയളവില്‍ 65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുക്കുന്നത്. 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്. വയറസ് വ്യാപനം മൂലം സ്വര്‍ണത്തിന്റെ വിതരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഉല്‍പ്പാദനത്തില്‍ മൂന്നു ശതമാനനമാണ് വര്‍ഷാവര്‍ഷ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ കുറഞ്ഞ ഉല്‍പ്പാദനമാണ് ഇക്കാലയളവില്‍ നടന്നത്(795.8 ടണ്‍ ).

ഡിമാന്‍ഡ് ഇനിയും ഇടിയും

ഇന്ത്യയില്‍ മാര്‍ച്ച് പാദത്തിന്റെ ആദ്യകാലയളവില്‍ വിവാഹ സീസണ്‍ മൂലം ഡിമാന്‍ഡ് ഉയര്‍ന്നിരുന്നെങ്കിലും സ്വര്‍ണത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ഫെബ്രുവരി പകുതിയോടെ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു. ഉയര്‍ന്ന വില മൂലം സ്വര്‍ണം വാങ്ങുന്നത് ആളുകള്‍ നീട്ടിവയ്ക്കുകയായിരുന്നു. എന്നാല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഡിമാന്‍ഡ് മൊത്തത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകളനുസരിച്ച് മാര്‍ച്ചില്‍ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ 60-80 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

മാര്‍ച്ച് പാദത്തില്‍ രാജ്യത്തൈ സ്വര്‍ണ വില 10 ഗ്രാമിന് ശരാശരി 41,124 രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 26.6 ശതമാനം വര്‍ധന. രൂപയുടെ മൂല്യ ശോഷണവും ഡോളര്‍ അടിസ്ഥാനത്തിലുള്ള സ്വര്‍ണത്തിന്റെ വിലക്കയറ്റവുമാണ് പ്രാദേശിക സ്വര്‍ണവില മാര്‍ച്ചില്‍ അതിന്റെ എക്കാലത്തെയും ഉയര്‍ച്ചയായ 44315(10 ഗ്രാം) രൂപയിലെത്തിച്ചത്.

ലോക്ക് ഡൗണ്‍ മെയിലും തുടരുമ്പോള്‍ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ കുറവുണ്ടാകാന്‍ തന്നെയാണ് സാധ്യതയെന്നാണ് വോള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍. അക്ഷയ തൃതീയ ദിനത്തിലുള്ള വാങ്ങലുകളേയും കല്യാണ പാര്‍ട്ടികളുടെ വാങ്ങുലുകളേയും ഇത് ബാധിച്ചിട്ടുണ്ട്.ബ്രാന്‍ഡഡ് ജുവലറികള്‍ പലതും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ ശ്രമിച്ചെ്ങ്കിലും ലോക്ക് ഡൗണ്‍ മൂലം ഓര്‍ഡറുകള്‍ എത്തിച്ചുനല്‍കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത് തിരിച്ചടിയായെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

തിളങ്ങി ഗോള്‍ഡ് ഇടിഎഫുകള്‍ !

ഗോള്‍ഡ് അധിഷ്ഠിത എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) ഇക്കാലയളവില്‍ വലിയ വളര്‍ച്ച നേടി. ഗോള്‍ഡ് ഇടിഎഫിന്റേയും സമാന ഉല്‍പ്പന്നങ്ങളുടേയും ഗ്ലോബല്‍ ഹോള്‍ഡിംഗ് ഇക്കാലയളവില്‍ 298 ടണ്‍ ആയി ഉയര്‍ന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പാദവളര്‍ച്ചയാണിത്. അതേസമയം, സ്വര്‍ണ കട്ടികളിലും കൊയ്‌നുകളിലുമുള്ള നിക്ഷേപത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 6 ശതമാനം ഇടിവുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it