പരിഷ്കരിച്ച ജിഡിപി കണക്കുകൾ പുറത്ത്; FY26ൽ രാജ്യത്തിന്റെ വളർച്ച 7.6%; മാറ്റങ്ങൾ ഇങ്ങനെ

പുതിയ വിവര സ്രോതസ്സുകൾ ഉൾപ്പെടുത്തിയും അടിസ്ഥാന വർഷം 2022-23 ആയി പുതുക്കിയും ജിഡിപി നിർണയ രീതി പരിഷ്കരിച്ചതിനു ശേഷമുള്ള രാജ്യത്തിന്റെ ആദ്യ സാമ്പത്തിക വളർച്ച അനുമാനമാണ് കേന്ദ്ര സർക്കാർ ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.
GDP growth
GDP growthcanva
Published on

അടിസ്ഥാന വർഷം പുതുക്കിയും കോർപറേറ്റ് വ്യവസായ മേഖലയുടെ കൂടുതൽ ഭാ​ഗങ്ങളെ വിലയിരുത്തൽ പരിധിയിലേക്ക് ഉൾപ്പെടുത്തിയും രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപിയുടെ നിർണയ പരിഷ്കാരത്തിനു ശേഷമുള്ള രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പുതിയ കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു.

നടപ്പ് സാമ്പത്തിക വർഷം (2025 ഏപ്രിൽ - 2026 മാർച്ച്) ഇന്ത്യൻ സമ്പദ്ഘടന 7.6 ശതമാനം നിരക്കിൽ വളർച്ച കൈവരിക്കാമെന്നാണ് പരിഷ്കരിച്ച ജിഡിപി രീതി പ്രകാരമുള്ള പുതിയ അനുമാനം. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 7.1 ശതമാനമായിരുന്നു (പുതുക്കിയ രീതിയിൽ).

മൂന്നാം പാദത്തിൽ തളർച്ച

നേരത്തെയുള്ള ജിഡിപി നിർണയ രീതിയിൽ, നടപ്പ് സാമ്പത്തിക വർഷം 7.4 ശതമാനം നിരക്കിൽ രാജ്യം വളർച്ച കൈവരിക്കുമെന്നായിരുന്നു അനുമാനം. ജിഡിപി നിർണയ പരിഷ്കാരത്തിനു ശേഷമുള്ള ആദ്യ അനുമാന കണക്കിൽ നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച അനുമാനത്തിൽ 0.2 ശതമാനം വർധന രേഖപ്പെടുത്തി.

അതേസമയം മൂന്നാം സാമ്പത്തിക പാദത്തിലെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. തൊട്ടുമുമ്പത്തെ പാദത്തിൽ ജിഡിപി വളർച്ച 8.4 ശതമാനമായിരുന്നു. അതായത്, പാദാനുപാദത്തിൽ ജിഡിപി വളർച്ചയിൽ ചെറിയ ഇടിവ് നേരിട്ടുവെന്ന് സാരം. എന്നിരുന്നാലും സാമ്പത്തിക വിദ​ഗ്ധർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയിൽ പ്രവചിച്ച മൂന്നാം പാദത്തിലെ ജിഡിപി വളർച്ച അനുമാനമായ 7.4 ശതമാനത്തിന് മുകളിലാണ് യഥാ‌ർത്ഥ നിരക്കുകൾ വന്നിട്ടുള്ളതെന്നതും ശ്രദ്ധേയം.

ജിഡിപി നിർണയം പരിഷ്കരിച്ചത് എങ്ങനെ?

രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്ന രീതിയുടെ കൃത്യതയിൽ ചില പോരായ്മകളുണ്ടെന്ന് വിവിധ കോണുകളിൽ നിന്നുള്ള സാമ്പത്തിക വിദ​ഗ്ധരും രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) ഉൾപ്പെടെയുള്ളവർ വിമർശനം ഉയർത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജിഡിപി നിർണയ രീതി പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതുപ്രകാരം ജിഡിപി കണക്കാക്കാൻ അടിസ്ഥാനമാക്കുന്ന കാലയളവ് 2011-12ൽ നിന്നും 2022-23 വർഷത്തിലേക്ക് മാറ്റി നിശ്ചയിച്ചു. രാജ്യത്തിന്റെ സമ്പദ്‍ഘടനയിൽ യഥാ‌ർത്ഥത്തിൽ സംഭവിച്ച മാറ്റം (വളർച്ച/തളർച്ച) എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കാനാണ് അടിസ്ഥാന വർഷം ഉപയോ​ഗിക്കുന്നത്.

കൂടാതെ രാജ്യത്തിന്റെ സമ്പദ്ഘടനയിലെ കാലോചിത മാറ്റങ്ങളെ കൂടി ഉൾക്കൊള്ളുന്നവിധം വിവര സ്രോതസ്സുകളും പരിഷ്കരിച്ചു. പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS), കാർഷികേതര - സ്വകാര്യ - ബിസിനസ് - സ്വയംസഹായ സംരംഭങ്ങളെ ഉൾക്കൊള്ളുന്ന ആന്വൽ സർവേ ഓഫ് അൺ-ഇൻ കോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (ASUSE), ജിഎസ്ടി, ഇ-പരിവാഹൻ എന്നിവ ഉൾ‌പ്പെടെയുള്ള വിവര സ്രോതസ്സുകളെ കൂടി ഉൾപ്പെടുത്തിയാണ് ജിഡിപി നിർണയ രീതി പരിഷ്കരിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com