
സര്‍ക്കാര്‍ പദ്ധതികളുടെ കരാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ വിദേശ കമ്പനികളെയും അനുവദിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. യു.എസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കരാറുകള്‍ ലഭ്യമാക്കാന്‍ ഇതു വഴി തെളിയ്ക്കുമെന്നാണ് ഔദ്യോഗിക ഉറവിടങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്തിടെ നടന്ന യു.കെ വ്യാപാരക്കരാറില്‍ ബ്രിട്ടീഷ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്കായും വിപണി തുറന്നു കൊടുക്കുന്നത്. വാഷിംഗ്ടണുമായും വ്യാപാര കരാര്‍ ചര്‍ച്ച നടക്കുന്നതിനാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ 50 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഈ നീക്കത്തെ കുറിച്ച് കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, പ്രതിവര്‍ഷം 700 ബില്യണ്‍ ഡോളര്‍ മുതല്‍ 750 ബില്യണ്‍ ഡോളര്‍ വരെയാണ് സര്‍ക്കാര്‍ പൊതു സംഭരണം. ഇതില്‍ ഭൂരിഭാഗവും ആഭ്യന്തര സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. അതില്‍ തന്നെ 25 ശതമാനം ചെറുകിട ബിസിനസുകള്‍ക്കായും സംവരണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ആഭ്യന്തര കമ്പനികളുടെ അഭാവത്തില്‍ റെയില്‍വേ, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്കായി വിദേശ വിതരണക്കാരില്‍ നിന്ന് വാങ്ങാന്‍ അനുമതിയുണ്ട്.
ഈ മാസം ആദ്യമാണ് ഇന്ത്യയും യുകെയും തമ്മില്‍ ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചത്. ഇത് പ്രകാരം ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ക്ക് തിരഞ്ഞെടുത്ത മേഖലകളിലെ സര്‍ക്കാര്‍ കരാറുകളില്‍ പരസ്പര അടിസ്ഥാനത്തില്‍ സാധനങ്ങള്‍, സേവനങ്ങള്‍, നിര്‍മ്മാണം എന്നിവയ്ക്കായി ലേലം സാധ്യമാണ്. സര്‍ക്കാരിന്റെ സംഭരണകരാറുകളുടെ ഒരു ഭാഗം മാത്രമേ വിദേശ സ്ഥാപനങ്ങള്‍ക്ക് തുറന്നുകൊടുക്കൂ എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. അതും ഏകദേശം 50-60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ടത് മാത്രമായിരിക്കും. സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാങ്ങലുകള്‍ ഒഴികെയാണിത്. സെന്‍സിറ്റീവായതും ചെറുകിട വ്യവസായങ്ങളുടെ ഭാഗമായതുമായ ഉത്പന്നങ്ങളെയും യു.കെയുമായുള്ള വ്യാപാര കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ലോക വ്യാപാര സംഘടനയുടെ (WHO) സംഭരണ കരാറില്‍ ചേരുന്നതിനെ ഏറെക്കാലമായി എതിര്‍ത്തു നില്‍ക്കുകയാണ് ഇന്ത്യ. ചെറുകിട ബിസിനസുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയായിരുന്നു ഇതിനെ എതിര്‍ത്ത് നിന്നത്.
വിദേശ വ്യാപാര തടസങ്ങളെക്കുറിച്ചുള്ള മാര്‍ച്ചിലെ റിപ്പോര്‍ട്ടില്‍, ഇന്ത്യയുടെ സംഭരണ നയങ്ങള്‍ യുഎസ് സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിഉയര്‍ത്തുന്നതായി യു.എസ് വ്യാപാര പ്രതിനിധി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് വ്യാപാര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യന്‍ വ്യാപാര മന്ത്രി പീയൂഷ് ഗോയല്‍ ഈ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ചിരുന്നു. ജൂലൈ ആദ്യത്തോടെ ഒരു ഇടക്കാല കരാറില്‍ ഒപ്പുവെക്കാനാണ് ഇരുപക്ഷവും ലക്ഷ്യമിടുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ വ്യാപാര പങ്കാളികള്‍ക്കെതിരെ ഏപ്രില്‍ ഒമ്പതിന് പ്രഖ്യാപിച്ച ഇറക്കുമതി ചുങ്കം 90 ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ കാലാവധിക്കുള്ളില്‍ യു.എസുമായി ഒരു വ്യാപാരകരാറിന് ശ്രമിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തമാണ്. ഇന്ത്യന്‍ ഇറക്കുമതിക്ക് 26 ശതമാനം നികുതിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഇപ്പോള്‍ വിദേശ കമ്പനികളെ ലേലത്തില്‍ പങ്കെടുപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine