ലോകം പണപ്പെരുപ്പത്തിന്റെ പിടിയില്‍; അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യ ഒരു മരുപ്പച്ച?

ആഗോളതലത്തില്‍ പണപ്പെരുപ്പം വര്‍ധിച്ചു വരികയാണ്. പല രാജ്യങ്ങളിലുടനീളമുള്ള സെന്‍ട്രല്‍ ബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്ന്ത് തുടരുന്ന അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തില്‍ ഇന്ത്യ ഒരു മരുപ്പച്ച പോലെയാണ് നില്‍ക്കുന്നതെന്ന് എസ്ബിഐ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ ഇക്കോവ്‌റാപ്പ് റിപ്പോര്‍ട്ട് പറയുന്നു.

യുഎസ്, യുകെ, ജര്‍മ്മനി തുടങ്ങിയ വികസിത സമ്പദ്വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പാള്‍ ജീവിതച്ചെലവ്, ഭക്ഷണവില, ഊര്‍ജച്ചെലവ് എന്നിവയിലെല്ലാം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായി എസ്ബിഐയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ രാജ്യങ്ങളിലും 2021 സെപ്റ്റംബറിലെ കുടുംബ ബജറ്റ് അല്ലെങ്കില്‍ ജീവിതച്ചെലവ് 100 രൂപയായി കണക്കാക്കിയാല്‍ യുഎസിലും ഇന്ത്യയിലും ഇപ്പോഴിത് 12 രൂപ വര്‍ധിച്ചു. എന്നാല്‍ ജര്‍മ്മനിയില്‍ 20 രൂപയും യുകെയില്‍ 23 രൂപയുമാണ് വര്‍ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്താലും മെച്ചം ഇന്ത്യയില്‍ തന്നെ. 2021 സെപ്തംബറില്‍ ഇതിന് 100 രൂപയാണ് വിലയിടുന്നതെങ്കില്‍ ഇപ്പോള്‍ യുഎസില്‍ 25 രൂപയും യുകെയില്‍ 18 രൂപയും ജര്‍മ്മനിയില്‍ 33 രൂപയും ഇന്ത്യയില്‍ 15 രൂപയുമാണ് ഉയര്‍ന്നത്.

2021 സെപ്തംബറില്‍ ഊര്‍ജ വിലയുടെ കാര്യത്തില്‍ 100 രൂപ വില കണക്കാക്കിയാല്‍ യുഎസില്‍ 12 രൂപയും യുകെയില്‍ 93 രൂപയും ജര്‍മ്മനിയില്‍ 62 രൂപയും ഇന്ത്യയില്‍ 16 രൂപയുമാണ് ഇപ്പോള്‍ വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022 ന്റെ തുടക്കത്തില്‍ ഉക്രെയ്ന്‍-റഷ്യ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ വികസിതവും വളര്‍ന്നുവരുന്നതുമായ സമ്പദ്വ്യവസ്ഥകളില്‍ ഉടനീളം വിലയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവയെല്ലാം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ചതായി ഇക്കോറാപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it