Begin typing your search above and press return to search.
എണ്ണ ഡിമാന്‍ഡില്‍ 'നമ്പര്‍ വണ്‍' ആകാന്‍ ഇന്ത്യ; ചൈനയെ പിന്തള്ളും
രാജ്യാന്തര ക്രൂഡോയില്‍ വില നിര്‍ണയത്തെ സ്വാധീനിക്കും വിധം ലോകത്ത് എണ്ണയ്ക്ക് ഏറ്റവുമധികം ഡിമാന്‍ഡുള്ള രാജ്യമാകാന്‍ ഇന്ത്യ കുതിക്കുന്നു. നിലവില്‍ ക്രൂഡോയില്‍ ഡിമാന്‍ഡിലെ വളര്‍ച്ചയില്‍ ഇന്ത്യ രണ്ടാംസ്ഥാനത്തും ചൈന ഒന്നാംസ്ഥാനത്തുമാണ്.
ഏറ്റവുമധികം ക്രൂഡോയിൽ ഡിമാൻഡ് വളർച്ചയുള്ള രാജ്യമെന്ന നിലയില്‍ ചൈന വലിയ സ്വാധീനം വിലയില്‍ ചെലുത്തുന്നുമുണ്ട്. 2027ഓടെ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് പാരീസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (IEA) വ്യക്തമാക്കി. 2023ല്‍ ഇന്ത്യയുടെ ക്രൂഡോയില്‍ ഡിമാന്‍ഡ് പ്രതിദിനം 5.48 ദശലക്ഷം ബാരലായിരുന്നു. 2030ല്‍ ഇത് 6.64 ലക്ഷം ബാരലിലേക്ക് ഉയരുമെന്നും ഐ.ഇ.എയുടെ 'ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റ് ഔട്ട്‌ലുക്ക്' റിപ്പോര്‍ട്ട് പറയുന്നു.
ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തില്‍ നിലവില്‍ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇന്ത്യക്ക്. അമേരിക്ക ഒന്നാമതും ചൈന രണ്ടാമതുമാണ്. ഉപഭോഗ വളര്‍ച്ചയിലാണ് (Demand Growth) ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതുമുള്ളത്.
വൈദ്യുത വാഹനങ്ങള്‍ കൂടിയിട്ടും എണ്ണയ്ക്ക് ഡിമാന്‍ഡ്
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ (EV) വന്‍തോതില്‍ കൂടിയിട്ടും ക്രൂഡോയിലിന് ഡിമാന്‍ഡ് ഏറുകയാണെന്ന് ഐ.ഇ.എ ചൂണ്ടിക്കാട്ടുന്നു. ടൂ, ത്രീവീലറുകളില്‍ ഇ.വിയുടെ വില്‍പന ഗണ്യമായി കൂടുകയാണ്. കാറുകളില്‍ ഇ.വിയുടെ വിഹിതം വൈകാതെ 5 ശതമാനത്തിലേക്ക് ഉയരുമെന്നും കരുതുന്നു. ബയോഫ്യുവല്‍ ഉപഭോഗവും വര്‍ധിക്കുന്നു.
ഈ സാഹചര്യത്തില്‍ വരുംവര്‍ഷങ്ങളില്‍ പ്രതിദിനം 5 ലക്ഷം ബാരല്‍ ക്രൂഡോയില്‍ ഉപഭോഗം കുറയ്ക്കാവുന്നതാണ്. എന്നാല്‍, വാഹന വില്‍പന വളര്‍ച്ച, റോഡുകളുടെ വിപുലീകരണം എന്നിവമൂലം ആനുപാതികമായി ക്രൂഡോയില്‍ ഡിമാന്‍ഡും വര്‍ധിക്കും.
മൊത്തം 66 ദിവസത്തേക്കുള്ള ക്രൂഡോയിലാണ് ഇന്ത്യ കരുതിവയ്ക്കാറുള്ളത്. ഇത് 7 ദിവസത്തേക്കുള്ളത് കരുതല്‍ എണ്ണസംഭരണികളിലാണുള്ളത്. ബാക്കി പെട്രോള്‍ സ്‌റ്റേഷനുകളിലും റിഫൈനറികളിലുമാണ്. ഐ.ഇ.എയിലെ അംഗങ്ങള്‍ 90 ദിവസത്തേക്കുള്ള ഇന്ധനം കരുതിവയ്ക്കാറുണ്ട്. ഇന്ത്യ ഐ.ഇ.എ അംഗമാണെങ്കിലും 66 ദിവസത്തേക്കുള്ള കരുതല്‍ ശേഖരമേ പാലിക്കുന്നുള്ളൂ.
Next Story