ട്രംപാഘാതം മറികടക്കാൻ ബദൽ വഴികൾ തേടി ഇന്ത്യ, മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കഴിയുന്നത്ര വർധിപ്പിക്കാൻ ശ്രമം

ഓരോ രാജ്യങ്ങളിലേക്കും ആവശ്യമുള്ള വസ്ത്രങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഗുണനിലവാരത്തോടെ നിര്‍മിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
textile
textile
Published on

അമേരിക്കയുടെ പ്രതികാരച്ചുങ്കം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യ വിപണി സാന്നിധ്യം വ്യാപിപ്പിക്കുന്നു. ട്രംപിന്റെ 50 ശതമാനം നികുതി മൂലം കൂടുതല്‍ പ്രതിസന്ധിയിലാകുന്ന ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയെ പിന്തുണക്കുന്നതാണ് നീക്കം. നിലവില്‍ ഇന്ത്യ ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്ന് മികച്ച 40 വിപണികള്‍ കണ്ടെത്തി കയറ്റുമതി വര്‍ധിപ്പിക്കുകയെന്നതാണ് പുതിയ തന്ത്രം. ഇതിനായി ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണിയെ കുറിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പഠനം നടത്തും. ഓരോ രാജ്യങ്ങളിലേക്കും ആവശ്യമുള്ള വസ്ത്രങ്ങളുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞ് ഗുണനിലവാരത്തോടെ നിര്‍മിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ 40 രാജ്യങ്ങളെ കേന്ദ്രീകരിച്ച് വിപണി ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, മെക്‌സികോ, പോളണ്ട്, റഷ്യ, സ്‌പെയിന്‍, സൗത്ത് കൊറിയ, തുര്‍ക്കി, നെതര്‍ലാന്റ്‌സ്, യു.എ.ഇ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ വരും. ഇവിടെ കൂടുതല്‍ ഡിമാന്റുള്ള ടെക്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളില്‍ നിര്‍മാണം കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. ഗുണനിലവാരമുള്ള പുതിയ ഇനം വസ്ത്ര മോഡലുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നത്.

എംബസികള്‍ വഴി പഠനം

തെരഞ്ഞെടുത്ത 40 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ വഴിയും ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ വഴിയും പഠനം നടത്തും. വിവിധ രാജ്യങ്ങളില്‍ ഡിമാന്റ് കൂടുതലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ സൂറത്ത്, പാനിപ്പത്ത്, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കമ്പനികളോട് ആവശ്യപ്പെടും. വിദേശ രാജ്യങ്ങളിലെ വാണിജ്യ മേളകളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ പ്രചാരം വര്‍ധിപ്പിക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ വഴി നീക്കം നടത്തും. വിവിധ രാജ്യങ്ങളുമായി ഇന്ത്യയുണ്ടാക്കിയ സ്വതന്ത്ര വാണിജ്യ കരാറുകളെ കുറിച്ച് ഇന്ത്യന്‍ കയറ്റുമതിക്കാതെ ബോധവല്‍ക്കരിക്കും. കൂടുതല്‍ രാജ്യങ്ങളുമായി സ്വതന്ത്ര വാണിജ്യകരാര്‍ ഉണ്ടാക്കുന്നതിനും സര്‍ക്കാര്‍ ശ്രമം നടത്തും. തെരഞ്ഞെടുത്ത 40 രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താന്‍ സാധ്യതകളുണ്ടെന്നാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ രാജ്യങ്ങളിലേക്ക് നിലവില്‍ ഇന്ത്യന്‍ കയറ്റുമതിയുടെ 5 ശതമാനം മാത്രമാണ് നടക്കുന്നത്. ഇത് വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇന്ത്യ കാണുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com