കോടീശ്വരന്മാരുടെ കൊഴിഞ്ഞുപോക്ക് ഇന്ത്യക്കും ചൈനയ്ക്കും വെല്ലുവിളി

മെച്ചപ്പെട്ട ജോലിയും ജീവിത സാഹചര്യങ്ങളും തേടി രാജ്യം വിടുന്ന യുവാക്കളുടെ എണ്ണം അടുത്തിടെയായി വളരെ കൂടിയിട്ടുണ്ട്. പലരും വിദേശപൗരത്വം സ്വീകരിച്ച് അവിടെ തന്നെ കൂടുന്ന രീതി വ്യാപകമായികഴിഞ്ഞു. എന്നാല്‍ യുവാക്കളും ജോലി തേടുന്നവരും മാത്രമല്ല അതിസമ്പന്നരായവരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തെ കുടിയേറ്റ ട്രെന്‍ഡുകള്‍ നിരീക്ഷിക്കുന്ന പെന്‍ലി പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ട് 2023 പ്രകാരം ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം മാത്രം പാലായനം ചെയ്യുന്നത് 6,500 അതിസമ്പന്നരാണ്.സമ്പന്നര്‍ നാടുവിട്ടുപോകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 13,500 അതിസമ്പന്നരെയാണ് ഈ വര്‍ഷം ചൈനയ്ക്ക് നഷ്ടമാവുക.
ഇന്ത്യ രണ്ടാം സ്ഥാനത്താണെങ്കിലും മുന്‍ വര്‍ഷവുമായി നോക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യ വിടുന്ന സമ്പന്നരുടെ എണ്ണം കുറവാണ്. കഴിഞ്ഞ വര്‍ഷം 7,500 കോടീശ്വരന്മാരാണ് രാജ്യം വിട്ടത്. പത്ത് ലക്ഷം ഡോളറോ(ഏകദേശം 8.2 കോടി രൂപ) അതിലധികമോ നിക്ഷേപിക്കാന്‍ ശേഷിയുള്ള ആളുകളെയാണ് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ (High net worth individuals /HNWIs) എന്ന് വിളിക്കുന്നത്.
കുടിയേറ്റം കൂടുന്നു

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കുടിയേറ്റം നടത്തുന്ന സമ്പന്നരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗോളതലത്തില്‍ ഈ വര്‍ഷം 1,22,000 അതിസമ്പന്നരും 2024 ല്‍ 1,28,000 അതിസമ്പന്നരും നാട് വിട്ട് മറ്റ് രാജ്യങ്ങളില്‍ കുടുയേറുമെന്നാണ് ഹെന്‍ലി ആന്റ് പാര്‍ട്‌ണേഴ്‌സ് പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഈ വര്‍ഷം കുടിയേറ്റത്തിന് കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നതെന്ന് ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യാക്കാര്‍ക്കിഷ്ടം ദുബൈ
ഇന്ത്യയിലെ സമ്പന്ന കുടുംബങ്ങളുടെ പ്രിയപ്പെട്ട രാജ്യങ്ങൾ ദുബൈയും സുംഗപ്പൂരുമാണ്. ഇന്ത്യയുടെ അഞ്ചാമത്തെ സിറ്റി എന്ന് വിശേഷണമുള്ള ദുബൈ ഗോള്‍ഡന്‍ വിസ പോലുള്ള പുതിയ സൗകര്യങ്ങളിലൂടെയും അനുകൂല നികുതി ഘടനകള്‍, മികച്ച ബിസിനസ് അന്തരീക്ഷം, സുരക്ഷിതവും സമാധാനവുമായ സാഹചര്യം എന്നിവ ഒരുക്കി ആളുകളെ ആകര്‍ഷിക്കുന്നുമുണ്ട്.
എന്നാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ വര്‍ഷം ചേക്കേറി പാര്‍ക്കുന്നത് ഓസ്‌ട്രേലിയയിലേക്കാണ്. ഈ വര്‍ഷം 5,200 അതിസമ്പന്നര്‍ ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കും. 2022 ല്‍ ഏറ്റവും കൂടുതല്‍ അതിസമ്പന്നര്‍ കുടിയേറിയത് യു.എ.ഇയിലേക്കാണ് ഈ വര്‍ഷം 4,500 പുതിയ സമ്പന്നര്‍ കൂടി ഇവിടെ താമസമാക്കും. സിംഗപ്പൂരിലേക്ക് ഈ വര്‍ഷം ചേക്കേറുന്നത് 3,200 അതിസമ്പന്നരാണ്. അമേരിക്കയില്‍ അതിസമ്പന്ന പട്ടികയിലേക്ക് പുതുതായി 2,100 പേര്‍ കൂടി ചേര്‍ക്കപ്പെടും.
അതിസമ്പന്നര്‍ കുടിയേറി പാര്‍ക്കാന്‍ ആഗ്രഹിക്കന്ന ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഗ്രീസ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസ്‌ലന്‍ഡ് എന്നിവയുമുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it