ഈ വര്‍ഷം സാധാരണ അളവിൽ മണ്‍സൂണ്‍ മഴ ലഭിക്കും: കാലാവസ്ഥാ വകുപ്പ്

ഈ വര്‍ഷം രാജ്യത്ത് സാധാരണ അളവിൽ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളിലെ മഴ ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനമായിരിക്കുമെന്ന് വകുപ്പ് അറിയിച്ചു. 50 വര്‍ഷത്തെ ശരാശരിയായ 87 സെന്റീമീറ്ററിന്റെ (35 ഇഞ്ച്) 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴയാണ് കാലാവസ്ഥാ വകുപ്പ് സാധാരണ മഴയായി കണക്കാക്കുന്നത്.

വിളകള്‍ വളര്‍ത്തുന്നതിന്

സമ്പദ്‌വ്യവസ്ഥയുടെ 18 ശതമാനം വരുന്ന ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് മണ്‍സൂണ്‍ മഴ വളരെ പ്രധാനമാണ്. ഇന്ത്യയിലെ കൃഷിഭൂമിയുടെ ഏതാണ്ട് പകുതിയും വിളകള്‍ വളര്‍ത്തുന്നതിന് മണ്‍സൂണ്‍ മഴയെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ കര്‍ഷകര്‍ ഈ കാലയളവിൽ മൊത്തം കാര്‍ഷിക വിളയുടെ 48-50 ശതമാനം വരുന്ന ഖാരിഫ് അല്ലെങ്കില്‍ വേനല്‍ക്കാല വിളകള്‍ കൃഷി ചെയ്യുന്നു. മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന മഴ ഡാമുകളില്‍ ശേഖരിച്ചാണ് റാബി സീസണിലെ കൃഷി നടത്തുന്നത്. അതായതു രാജ്യത്തെ കാര്‍ഷികോല്‍പാദനത്തില്‍ ഏറ്റവും നിര്‍ണായകമാണ് കാലവര്‍ഷം.

മണ്‍സൂണ്‍ കാലയളവിലാണ് പ്രധാന വിളകളായ നെല്ല്, പരുത്തി, ചോളം, സോയാബീന്‍, നിലക്കടല എന്നിവ വിതയ്ക്കുന്നു. സമൃദ്ധമായ മഴ ലഭിച്ചാല്‍ ഇവയുടെ ഉത്പാദനം വര്‍ധിക്കുകയും ഭക്ഷ്യവിലയും കുറയുകയും ചെയ്യും. ഇത് പണപ്പെരുപ്പവും കുറയ്ക്കും.

മഴ കുറഞ്ഞേക്കാമെന്ന് സ്‌കൈമെറ്റ്

എല്‍ നിനോ പ്രതിഭാസം രൂപപ്പെടുന്നതിനാല്‍ ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ മഴ കുറഞ്ഞേക്കാമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്‌കൈമെറ്റ് കഴിഞ്ഞ ദിവസം പ്രവചിച്ചിരുന്നു. ദീര്‍ഘകാല ശരാശരിയുടെ 94 ശതമാനം മഴയാണ് സ്‌കൈമെറ്റ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ മഴ കുറവാകും എന്നാണു പ്രവചനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ മഴ ഗണ്യമായി കുറയും. കാര്‍ഷിക പ്രാധാന്യം ഉള്ള സംസ്ഥാനങ്ങളാണ് അവ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it