

മൊത്തവില സൂചിക (WPI) ഉൾപ്പെടെയുള്ള ഇന്ത്യയുടെ പ്രധാന സാമ്പത്തിക സൂചകങ്ങൾ പുതുക്കുന്നതിന് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സര്‍വേ ആരംഭിക്കുന്നു. ആദ്യമായി ഉൽപാദക വില സൂചിക (Producer Price Index, PPI) അവതരിപ്പിക്കുന്നതിനും 2022-23 അടിസ്ഥാന വർഷമായി വ്യാവസായിക ഉൽപാദന സൂചിക (IIP) പരിഷ്കരിക്കുന്നതിനും സർവേ ലക്ഷ്യമിടുന്നു. പണപ്പെരുപ്പവും വ്യാവസായിക ഉൽപ്പാദന അളവുകളും കാലികമായി ഉൽപ്പാദന മേഖലയെ പ്രതിനിധീകരിക്കുന്നതാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
സേവനങ്ങളോ ഉല്‍പ്പന്നങ്ങളോ മൊത്ത വിപണിയിൽ അവതരിപ്പിക്കുന്നതിന് മുമ്പുള്ള വിലയെ ട്രാക്ക് ചെയ്യുന്നതിനാണ് ഉൽപാദക വില സൂചിക അവതരിപ്പിക്കുന്നത്. ഈ മാസം തന്നെ സര്‍വേ ആരംഭിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. പുതിയ മൊത്തവില സൂചിക ശ്രേണിക്ക് ആവശ്യമായ ഡാറ്റ 2022 ഏപ്രിൽ മുതൽ മുൻകാല പ്രാബല്യത്തോടെ സമാഹരിക്കുന്നതാണ്. അതേസമയം 2011-12 അടിസ്ഥാനമാക്കിയുളള നിലവിലെ മൊത്തവില സൂചിക പരിവർത്തനം പൂർത്തിയാകുന്നതുവരെ തുടരും. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷനാണ് സർവേ നടത്താനുളള അധികാരം.
ജിഎസ്ടി ഇൻവോയ്‌സുകൾ, ഇ-വേ ബില്ലുകൾ, ബാലൻസ് ഷീറ്റുകൾ, മറ്റ് രേഖകൾ എന്നിവ പരിശോധിക്കാൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർമാർ റീജിയണൽ ഓഫീസുകൾ വഴിയാണ് സര്‍വേ നടത്തുക. ഫാക്ടറി ആക്ട്, കമ്പനി ആക്ട്, ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് തുടങ്ങിയവയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള ഫാക്ടറികളുടെയോ സ്ഥാപനങ്ങളുടെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സര്‍വേക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉല്‍പ്പാദക മേഖല വലിയ വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്. ഇത്തരമൊരു അപ്‌ഡേറ്റ് ഒഴിവാക്കിയാല്‍ പ്രധാന സാമ്പത്തിക സൂചകങ്ങൾ കാലഹരണപ്പെടാനുളള സാധ്യതകള്‍ ഉളളതുകൊണ്ടാണ് സര്‍വേ നടത്തുന്നത്.
India to update WPI and IIP, launch first-ever PPI through nationwide survey.
Read DhanamOnline in English
Subscribe to Dhanam Magazine