2 ലക്ഷം കോടി ഡോളര്‍ ഉന്നമിട്ട് കേന്ദ്രത്തിന്റെ പുതിയ വിദേശ വ്യാപാരനയം

ഉത്പന്ന, സേവന കയറ്റുമതിയിലൂടെ 2030നകം 2 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 164 ലക്ഷം കോടി രൂപ) വരുമാനം ലക്ഷ്യമിടുന്ന പുതിയ വിദേശ വ്യാപാരനയം (ഫോറിന്‍ ട്രേഡ് പോളിസി-2023/എഫ്.ടി.പി-2023) അവതരിപ്പിച്ച്് കേന്ദ്രസര്‍ക്കാര്‍. പുതിയ നയം 2023-24 സാമ്പത്തികവര്‍ഷത്തിന് തുടക്കമാകുന്ന ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

പുതിയ വ്യാപാരനയത്തിന് അന്തിമതീയതിയോ കാലാവധിയോ ഇല്ലെന്നതാണ് പ്രത്യേകത. മാത്രവുമല്ല, സാഹചര്യങ്ങള്‍ വിലയിരുത്തി പരിഷ്‌കരിക്കുകയും (അപ്‌ഡേറ്റ്) ചെയ്യുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് സന്തോഷ് സാരംഗി മാധ്യമങ്ങളോട് പറഞ്ഞു. 2015ല്‍ തുടക്കമായ നിലവിലെ വ്യാപാരനയം 2023 മാര്‍ച്ച് 31വരെയാണ്. ഈ നയത്തിന്റെ കാലാവധി 2020ല്‍ അവസാനിച്ചതാണ്. കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടിയത്.
നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രൂപ ഉപയോഗിച്ചുള്ള വിദേശ ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും അനുവദിച്ചിരുന്നു. പുതിയ വ്യാപാരനയത്തില്‍ രൂപ ഉപയോഗിച്ചുള്ള വ്യാപാരം വര്‍ധിപ്പിക്കും.
വിദേശ വ്യാപാര അനുമതിയുടെ നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കും. അനുമതികള്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അതിവേഗം നല്‍കും. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് പുതിയ നയം അവതരിപ്പിച്ചത്.
ഇ-കൊമേഴ്‌സ് കയറ്റുമതിയും കൂട്ടും
ഇന്ത്യയില്‍ നിന്നുള്ള മൊത്തം ഉത്പന്ന, സേവന കയറ്റുമതി 2021-22ലെ 67,600 കോടി ഡോളറില്‍ നിന്ന് 2022-23ല്‍ 76,000 കോടി ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇ-കൊമേഴ്‌സ് കയറ്റുമതിയും മെച്ചപ്പെടുത്തുമെന്ന് സന്തോഷ് സാരംഗി പറഞ്ഞു. 2023ല്‍ തന്നെ ഇ-കൊമേഴ്‌സ് കയറ്റുമതിയില്‍ 20,000 മുതല്‍ 30,000 കോടി ഡോളറിന്റെ വരെ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ ആഗോള വ്യാപാര സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, മത്സരാധിഷ്ഠിതവും ചലനാത്മകവുമായ വിദേശ വ്യാപാര നയത്തിനാണ് രൂപംനല്‍കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കയറ്റുമതി കരാറുകളില്‍ വീഴ്ച വരുത്തിയാല്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്ന പ്രശ്‌ന പരിഹാര പദ്ധതി (ആംനെസ്റ്റി സ്‌കീം) പുതിയ വ്യാപാര നയത്തിലുണ്ട്. കയറ്റുമതി ഇടപാടുകളില്‍ ക്ഷീരോത്പാദന മേഖലയ്ക്ക് ഇളവുണ്ട്. ഇറക്കുമതിയുടെ ആറിരട്ടിയെങ്കിലുമാകണം കയറ്റുമതിയെന്ന ചട്ടത്തിലാണ് ക്ഷീരമേഖലയ്ക്ക് ഇളവ് ലഭിക്കുക. ഗ്രീന്‍ ഹൈഡ്രജന്‍, കാര്‍ഷികോപകരണ വിഭാഗങ്ങള്‍ക്കും ഇളവ്.
മികവിന്റെ പട്ടങ്ങളായി ഇവയും
ടൗണ്‍സ് ഓഫ് എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് (കയറ്റുമതി മികവുള്ള പട്ടണങ്ങള്‍/ടി.ഇ.ഇ) പട്ടികയില്‍ ഫരീദാബാദ്, വാരാണസി, മൊറാദാബാദ്, മിര്‍സാപൂര്‍ എന്നിവയെയും പുതിയ വ്യാപാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തി. 750 കോടി രൂപയ്ക്കുമേല്‍ മൂല്യമുള്ള കയറ്റുമതി ഉത്പന്നങ്ങളുള്ള പട്ടണങ്ങളെയാണ് ഈ വിഭാഗത്തില്‍ പെടുത്തുന്നത്. നിലവില്‍ 39 പട്ടണങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ഫരീദാബാദ് വസ്ത്രങ്ങള്‍ക്കും മൊറാദാബാദ് കരകൗശല ഉത്പന്നങ്ങള്‍ക്കും മിര്‍സാപൂര്‍ കൈകൊണ്ട് നിര്‍മ്മിക്കുന്ന പായകള്‍, വാരാണസി കൈത്തറിക്കും കരകൗശല വസ്തുക്കള്‍ക്കും പ്രസിദ്ധമായ പട്ടണങ്ങളാണ്.
കൊറിയറില്‍ ഇനി കൂടുതല്‍ കയറ്റുമതി
കൊറിയര്‍ സേവനം ഉപയോഗിച്ചുള്ള കയറ്റുമതിയുടെ പരിധി നിലവിലെ 5 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയായി ഉയര്‍ത്തി.
ഇളവുകള്‍ ധാരാളം
നികുതിയിളവുകളിലൂടെയോ നികുതിയില്ലാതെയോ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള നിലവിലെ വ്യാപാര നയത്തിലെ ഇളവുകള്‍ (അഡ്വാന്‍സ് ഓതറൈസേഷന്‍) പുതിയ നയത്തിലും തുടരും. ഇത് വസ്ത്രമേഖലയ്ക്കും പുതിയ നയത്തില്‍ ബാധകമാക്കിയിട്ടുണ്ട്.
നിലവില്‍ കയറ്റുമതി മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് (5-സ്റ്റാര്‍ പട്ടം നേടുന്നവര്‍) ഇടപാട് നിരക്കുകളില്‍ ഇളവുകള്‍ കേന്ദ്രം ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ പരിധി 200 കോടി ഡോളറില്‍ നിന്ന് 80 കോടി ഡോളറായി കുറച്ചു. ഇതോടെ, കൂടുതല്‍ കയറ്റുമതിക്കാര്‍ക്ക് ഇളവ് ലഭ്യമാകും.
നിലവിലെ നയവും നേട്ടവും
നിവവിലെ വ്യാപാരനയ കാലയളവില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വളര്‍ന്നത് 75 ശതമാനമാണ്. ഇക്കാലയളവില്‍ ആഗോള കയറ്റുമതി മേഖല കുറിച്ച വളര്‍ച്ച 28 ശതമാനം മാത്രം. എന്‍ജിനിയറിംഗ് (81 ശതമാനം), കാര്‍ഷികം (61 ശതമാനം), ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ (163 ശതമാനം), മരുന്ന് (45 ശതമാനം), സമുദ്രോത്പന്നങ്ങള്‍ (63 ശതമാനം), കളിപ്പാട്ടം (89 ശതമാനം) എന്നിവയാണ് ഏറ്റവും മികച്ച കയറ്റുമതി നേട്ടം കുറിച്ച മേഖലകള്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it