യു.എ.ഇക്ക് പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാരക്കരാറിന് ഇന്ത്യ

യു.എ.ഇയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ വിജയകരമായതിന്റെ ചുവടുപിടിച്ച് മറ്റ് ജി.സി.സി രാജ്യങ്ങളുമായും കൈകോര്‍ക്കാന്‍ ഇന്ത്യയൊരുങ്ങുന്നു. ഇന്ത്യയുടെ സുപ്രധാന കയറ്റുമതി വിപണികളാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അഥവാ ജി.സി.സി രാഷ്ട്രങ്ങള്‍.

ജി.സി.സിയിലെയും ഇന്ത്യയിലെയും കയറ്റുമതി-ഇറക്കുമതിക്കാര്‍ക്ക് ഒരുപോലെ നേട്ടമാകുന്ന വിധമുള്ള സ്വതന്ത്ര വ്യാപാര കരാര്‍ നടപ്പാക്കാനുള്ള ശ്രമമാണ് ഇന്ത്യ നടത്തുന്നത്. കൂടാതെ ഇത് ധാരാളം ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും വീസയില്‍ ഇളവുകള്‍ നല്‍കും. മാത്രമല്ല നിക്ഷേപം ആകര്‍ഷിക്കാനും ഇത് സഹായിക്കും.

വിമുഖത കാലതാമസത്തിന് വഴിയൊരുക്കി

സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സി ഒരു വര്‍ഷത്തിലേറെയായി നിര്‍ദ്ദിഷ്ട കരാറുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ ചില വിഭാഗങ്ങളില്‍ വിമുഖത ഉണ്ടായത് കാലതാമസത്തിന് വഴിയൊരുക്കുകയും ചര്‍ച്ചകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതിനും കാരണമായി. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ പുനഃനാരംഭിച്ചിരിക്കുന്നത്. യു.എ.ഇക്ക് ശേഷം മേഖലയിലെ രണ്ടാമത്തെ വ്യാപാര ഉടമ്പടിയായിരിക്കും ഇത്.

ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5100 കോടി ഡോളറിന് മുകളിലാണ്. എണ്ണ ഉല്‍പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍, രാസവസ്തുക്കള്‍, ധാന്യങ്ങള്‍ എന്നിവ ഇന്ത്യയുടെ മുന്‍നിര കയറ്റുമതി ഇനങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയം 2022-23 കാലയളവില്‍ ഇറക്കുമതിയുടെ മൂല്യം 13,300 കോടി ഡോളറും ഈ വര്‍ഷം ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ ഇത് 3900 കോടി ഡോളറുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it