ആകാശപാത മാറ്റാന്‍ വിമാനക്കമ്പനികള്‍; പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ടിക്കറ്റ് നിരക്ക് മേലോട്ട്

പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും തിരിച്ചടിയാകുന്നു. ഇറാന്‍ കഴിഞ്ഞദിവസം ഇസ്രയേലിലേക്ക് ആക്രമണം നടത്തിയതിന് പിന്നാലെ വിമാന കമ്പനികള്‍ പലതും സര്‍വീസുകള്‍ റദ്ദാക്കുകയോ ആകാശപാതയില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് ആഴ്ചയില്‍ 4 സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. യൂറോപ്പിലേക്കുള്ള യാത്രയില്‍ ഇറാന്റെ ആകാശപാത ഒഴിവാക്കിയാണ് ഒട്ടുമിക്ക ഇന്ത്യന്‍ വിമാനക്കമ്പനികളും പറക്കുന്നത്.

യാത്രദൂരം കൂടുന്നത് വിമാനക്കമ്പനികളുടെ ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നീണ്ടുനില്‍ക്കുകയോ മറ്റൊരു തലത്തിലേക്ക് എത്തുകയോ ചെയ്താല്‍ വിമാന യാത്രചെലവ് വലിയ തോതില്‍ വര്‍ധിക്കും. യൂറോപ്പിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങളുടെ യാത്രയെ മാത്രമാകില്ല സംഘര്‍ഷം ബാധിക്കുക. മറ്റ് പല രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളും ഇറാന്‍ ആകാശത്തു കൂടെയാണ് പറക്കുന്നത്.

സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പല വിമാന സര്‍വീസുകളും ഈ വഴി ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ യാത്ര സമയം ഉള്‍പ്പെടെ കൂടും. വിമാന കമ്പനികളുടെ ചെലവ് വര്‍ധിക്കാനും ആകാശപാതയിലെ മാറ്റം കാരണമാകും. അവധിക്കാലത്ത് കേരളത്തിലെത്താന്‍ വേണ്ടി കാത്തിരിക്കുന്ന പ്രവാസികള്‍ക്കും സംഘര്‍ഷം തിരിച്ചടിയാകും. ടിക്കറ്റ് നിരക്ക് കൂടുന്നത് പല പ്രവാസികുടുംബങ്ങളുടെയും യാത്ര ഒഴിവാക്കുന്നതിലേക്കാകും നയിക്കുക.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നത് വിമാന ഇന്ധന വിലയിലും (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍) വര്‍ധനയ്ക്ക് കാരണമാകും. മുന്‍കാലങ്ങളില്‍ വിമാന ഇന്ധന വില കൂടുന്നത് ടിക്കറ്റ് നിരക്കിലും പ്രതിഫലിച്ചിരുന്നു. ഇന്ധന സര്‍ചാര്‍ജ് എന്ന പേരിലാണ് വിമാനക്കമ്പനികള്‍ പലപ്പോഴും ഇത്തരം ചാര്‍ജ് ഈടാക്കിയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിമാനക്കമ്പനികള്‍ സര്‍ചാര്‍ജ് കുറച്ചിരുന്നു. വിമാന ഇന്ധന വില താഴ്ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനഭാരം യാത്രക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാകും കമ്പനികള്‍ ശ്രമിക്കുക.

പ്രതിസന്ധി യൂറോപ്പിലേക്കുള്ള യാത്ര


ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും ഇറാന്റെ ആകാശപാത ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാതയും ഇതാണ്. എളുപ്പമുള്ള ഈ വഴി ഒഴിവാക്കി മറ്റ് പാതകളിലൂടെ പോയാല്‍ കൂടുതല്‍ സമയം യാത്രയ്ക്ക് വേണ്ടിവരും. ഇത് കമ്പനികളുടെ ചെലവു കൂടുന്നതിനും ടിക്കറ്റ് നിരക്ക് വര്‍ധനവിനും കാരണമാകും.

യു.കെ, ജര്‍മനി ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് കേരളത്തിലേക്കുള്ള യാത്ര കൂടുതല്‍ ചെലവേറിയതായി മാറ്റുന്നതാണ് പുതിയ സംഘര്‍ഷം. പശ്ചിമേഷ്യന്‍ സംഘര്‍ഷം വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയായി മാറിയിട്ടുണ്ട്. കേരളത്തില്‍ നിന്നടക്കം ഇസ്രയേലിലേക്ക് പോകുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ധിച്ചിരുന്നു. പുതിയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള പാക്കേജുകള്‍ പല ടൂര്‍ ഓപ്പറേറ്റര്‍മാരും നിറുത്തിവച്ചിരിക്കുകയാണ്.


Related Articles

Next Story

Videos

Share it