സ്വിസ് ബാങ്കിന്റെ പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഭീഷണിയല്ല

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, രാജ്യാന്തര സമ്പദ്‌രംഗത്ത് വലിയ സ്വാധീനവുമുള്ള ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് സ്വീസ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരിച്ചടിയല്ലെന്ന് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

ശക്തമായ പ്രവര്‍ത്തനഘടനമാണ് ഇന്ത്യന്‍ ബാങ്കുകള്‍ക്കുള്ളത്. നിക്ഷേപത്തിലെ എന്നപോലെ വായ്പാ വിതരണവും സജീവമായതിനാല്‍ സാമ്പത്തിക അടിത്തറയും ശക്തമാണ്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളും നിയന്ത്രണവുമുള്ളതിനാല്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കുമേല്‍ ഇടപാടുകാരുടെ വിശ്വാസവും ശക്തമാണ്. ഈ സാഹചര്യത്തില്‍, അമേരിക്ക നേരിടുന്നത് പോലെ ശക്തമായ നിക്ഷേപം പിന്‍വലിക്കല്‍ പ്രവണത ഇന്ത്യയിലുണ്ടാകാന്‍ സാദ്ധ്യത വിരളം.
കരുത്തായി ശക്തമായ മേല്‍നോട്ടം
ഇടപാടുകാര്‍ക്കും മൂലധനസഹായം ലഭ്യമാക്കിയ സ്ഥാപനങ്ങള്‍ക്കും പണം തിരികെ നല്‍കാന്‍ കഴിയാതെ ബാങ്കുകള്‍ തകരുന്ന കാഴ്ചയാണ് അമേരിക്കയില്‍ കഴിഞ്ഞവാരങ്ങളില്‍ കണ്ടത്. ഇന്ത്യയിലും മുന്‍കാലങ്ങളില്‍ ബാങ്കുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും അടിയന്തരമായി കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഇടപെടുകയും ഇടപാടുകാരുടെയും ബാങ്കുകള്‍ക്ക് മൂലധനസഹായം നല്‍കിയവരുടെയും പണത്തിന് സുരക്ഷയും ഉറപ്പും നല്‍കുകയും ചെയ്തത് അമേരിക്കയിലേതുപോലെ പ്രതിസന്ധി ഇന്ത്യയില്‍ ഉണ്ടാകാതിരിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ക്രെഡിറ്റ് സ്വീസ്, സിലിക്കണ്‍ വാലി ബാങ്ക് എന്നിവയെപ്പോലെ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയല്ല ഇന്ത്യന്‍ ബാങ്കുകള്‍. ഓരോ വായ്പയും നിക്ഷേപവും ഓരോ വിഭാഗത്തിലാണെന്നത് അവയുടെ പ്രവര്‍ത്തനം ചിട്ടയുള്ളതും സുരക്ഷിതവുമാക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ഒരുമേഖലയില്‍ പ്രതിസന്ധിയുണ്ടായാലും ബാങ്കുകളുടെ മൊത്തം പ്രവര്‍ത്തനത്തെ അത് സാരമായി ബാധിക്കില്ല. അതിനാല്‍, എസ്.വി.ബി പോലെയുള്ള പ്രതിസന്ധികള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഭീഷണിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Next Story

Videos

Share it