പ്രവചനങ്ങള്‍ കാറ്റില്‍പ്പറന്നു, ജി.ഡി.പിയില്‍ 8.4% വളര്‍ന്ന് ഇന്ത്യ; പക്ഷേ കണക്കുകളില്‍ നേട്ടവും കോട്ടവും

പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിയും ആഗോള സാമ്പത്തികരംഗത്തെ നെഗറ്റീവ് ചലനങ്ങളെ തച്ചുടച്ചും ഇന്ത്യന്‍ ജി.ഡി.പിയുടെ മുന്നേറ്റം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 8.4 ശതമാനം വളര്‍ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) വ്യക്തമാക്കി.
കഴിഞ്ഞ 6 പാദങ്ങളിലെ ഏറ്റവും മികച്ച വളര്‍ച്ചയാണിത്. കഴിഞ്ഞപാദങ്ങളിലെ വളര്‍ച്ചാനിരക്ക് എന്‍.എസ്.ഒ പുനര്‍നിശ്ചയിച്ചിട്ടുമുണ്ട്. 2022-23ലെ ഒന്നാംപാദത്തില്‍ 13.5 ശതമാനം വളര്‍ന്നെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. ഇത് 12.8 ശതമാനമായി താഴ്ത്തി പുനര്‍നിശ്ചയിച്ചു.
രണ്ടാംപാദ വളര്‍ച്ച 6.3ല്‍ നിന്ന് 5.5 ശതമാനത്തിലേക്കും മൂന്നാംപാദ വളര്‍ച്ച 4.4ല്‍ നിന്ന് 4.3 ശതമാനത്തിലേക്കും താഴ്ത്തി. 6.1 ശതമാനമാണ് 2022-23ലെ ഡിസംബര്‍പാദ വളര്‍ച്ച.
നടപ്പുവര്‍ഷം (2023-24) ആദ്യപാദ വളര്‍ച്ച ആദ്യം വിലയിരുത്തിയ 7.8ല്‍ നിന്ന് 8.2 ശതമാനത്തിലേക്ക് ഉയര്‍ത്തി. രണ്ടാംപാദ വളര്‍ച്ച 7.6ല്‍ നിന്ന് 8.1 ശതമാനത്തിലേക്കും ഉയര്‍ത്തി നിശ്ചയിച്ചു.
പ്രവചനങ്ങള്‍ നിഷ്പ്രഭം
റിസര്‍വ് ബാങ്കിന്റെയടക്കം പ്രവചനങ്ങള്‍ പാളുന്ന കാഴ്ചയാണ് ഇക്കുറി ഡിസംബര്‍ പാദത്തില്‍ കണ്ടതെന്ന് എന്‍.എസ്.ഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ 6.5 ശതമാനമേ ഒക്ടോബര്‍-ഡിസംബറില്‍ വളരൂ എന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തിയിരുന്നത്.
എസ്.ബി.ഐ റിസര്‍ച്ച് അനുമാനിച്ച 6.7-6.9 ശതമാനം, റോയിട്ടേഴ്‌സിന്റെ 6.6 ശതമാനം, ഇന്ത്യ റേറ്റിംഗ്‌സിന്റെ 6.5 ശതമാനം എന്നീ പ്രവചനങ്ങളും പാളിപ്പോയി.
ഇന്ത്യ വളരും 7.6%
നടപ്പുവര്‍ഷം (2023-24) ഇന്ത്യന്‍ ജി.ഡി.പി 7.6 ശതമാനം വളരുമെന്നാണ് പുതുക്കിയ വിലയിരുത്തല്‍ പ്രകാരം എന്‍.എസ്.ഒ കണക്കാക്കുന്നത്. 7 ശതമാനം വളരുമെന്നായിരുന്നു ആദ്യ പ്രവചനം. അതേസമയം, ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് നടപ്പുവര്‍ഷം 6.9 ശതമാനത്തില്‍ കൂടില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പൊതുവേ അഭിപ്രായപ്പെടുന്നത്. 2022-23ല്‍ ഇന്ത്യ 7.2 ശതമാനം വളര്‍ന്നിരുന്നെങ്കിലും പുതുക്കിയ റിപ്പോര്‍ട്ടില്‍ വളര്‍ച്ചാനിരക്ക് 7 ശതമാനമായി വെട്ടിക്കുറച്ചിട്ടുണ്ട്.
ഇന്ത്യ തന്നെ മുന്നില്‍
ബ്രിട്ടനും ജപ്പാനും ജര്‍മ്മനിയുമടക്കം നെഗറ്റീവ് വളര്‍ച്ചയിലും സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലും പെട്ട് പതറുമ്പോഴാണ് ഇന്ത്യ ശ്രദ്ധേയമായ ജി.ഡി.പി വളര്‍ച്ച കഴിഞ്ഞപാദത്തില്‍ കുറിച്ച്, ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന (Major Economy) നേട്ടം നിലനിറുത്തിയത്. തുടര്‍ച്ചയായി രണ്ടുപാദങ്ങളില്‍ നെഗറ്റീവ് ജി.ഡി.പി വളര്‍ച്ച കുറിക്കുമ്പോഴാണ് ഒരു രാജ്യം സാങ്കേതികമായി സാമ്പത്തികമാന്ദ്യത്തില്‍ അകപ്പെട്ടുവെന്ന് പറയുക.
ജപ്പാന്‍ നെഗറ്റീവ് 0.4 ശതമാനവും ബ്രിട്ടന്‍ (യു.കെ) നെഗറ്റീവ് 0.3 ശതമാനവുമാണ് ഡിസംബര്‍ പാദത്തില്‍ വളര്‍ന്നത് അഥവാ ജി.ഡി.പി ചുരുങ്ങിയത്. അമേരിക്ക 3.2 ശതമാനം, ചൈന 5.2 ശതമാനം, ഇന്‍ഡോനേഷ്യ 5.04 ശതമാനം, ഫ്രാന്‍സ് 0.1 ശതമാനം എന്നിങ്ങനെ കഴിഞ്ഞപാദത്തില്‍ വളര്‍ന്നുവെന്നാണ് വിലയിരുത്തല്‍. സൗദിയും (-3.7%), ജര്‍മ്മനിയും (-0.3%) നെഗറ്റീവ് വളര്‍ച്ചയാണ് കുറിച്ചത്.
മാനുഫാക്ചറിംഗും നിര്‍മ്മാണമേഖലയും കരുത്ത്; കൃഷിയില്‍ ക്ഷീണം
മാനുഫാക്ചറിംഗ്, ഖനന (മൈനിംഗ്) മേഖലകളുടെ മികച്ച വളര്‍ച്ചയാണ് ഇക്കുറി ഡിസംബര്‍ പാദത്തില്‍ ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചാനിരക്ക് കുറിക്കാന്‍ ഇന്ത്യയെ സഹായിച്ചത്. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ നെഗറ്റീവ് 4.8ല്‍ നിന്ന് 11.6 ശതമാനത്തിലേക്ക് കുതിച്ചുകയറി.
ഖനന മേഖലയുടെ വളര്‍ച്ച 1.4ല്‍ നിന്ന് 7.5 ശതമാനത്തിലെത്തി. വൈദ്യുതി, ഗ്യാസ്, ജല വിതരണ മേഖലയുടെ വളര്‍ച്ച 8.7ല്‍ നിന്ന് 9 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധ മേഖലയുടെ വളര്‍ച്ച 3.5ല്‍ നിന്ന് 7.5 ശതമാനത്തിലേക്കും മെച്ചപ്പെട്ടു.
നിര്‍മ്മാണമേഖലയുടെ വളര്‍ച്ച 9.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിന്നു. അതേസമയം, സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ കാര്‍ഷിക മേഖലയുടെ വളര്‍ച്ച 5.2ല്‍ നിന്ന് നെഗറ്റീവ് 0.8 ശതമാനത്തിലേക്ക് കൂപ്പുകുത്തി. വ്യാപാരം, ഹോട്ടല്‍, ട്രാന്‍സ്‌പോര്‍ട്ട് മേഖലയുടെ വളര്‍ച്ച 9.2ല്‍ നിന്ന് 6.7 ശതമാനത്തിലേക്കും ധനകാര്യ, റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ച 7.7ല്‍ നിന്ന് 7 ശതമാനത്തിലേക്കും താഴ്ന്നു.
ജി.ഡി.പി മൂല്യം ₹43.72 ലക്ഷം കോടി
ഡിസംബര്‍പാദത്തില്‍ 40.34 ലക്ഷം കോടി രൂപയില്‍ നിന്ന് 43.72 ലക്ഷം കോടി രൂപയിലേക്കാണ് ഇന്ത്യയുടെ ജി.ഡി.പി മൂല്യം ഉയര്‍ന്നത്. അതായത്, 8.4 ശതമാനം വളര്‍ച്ച. മികച്ച വളര്‍ച്ചാനിരക്ക് കുറിച്ചെങ്കിലും ആശങ്കപ്പെടുത്തുന്ന ഘടകങ്ങളും കണക്കുകളിലുണ്ട്.
സര്‍ക്കാരിന്റെ ചെലവുകളെ വിലയിരുത്തുന്ന ഗവണ്‍മെന്റ് ഫൈനല്‍ കണ്‍സംപ്റ്റ് എക്‌സ്‌പെന്‍ഡിച്ചര്‍ (GFCE) വളര്‍ച്ചാനിരക്ക് 13.8 ശതമാനത്തില്‍ നിന്ന് 3.2 ശതമാനത്തിലേക്ക് താഴ്ന്നത് തിരിച്ചടിയാണ്. അതേസമയം, ജി.ഡി.പിയില്‍ 32.4 ശതമാനം പങ്കുവഹിക്കുന്നതും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ അളവുകോലുമായ ഗ്രോസ് ഫിക്‌സഡ് കാപ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ (GFCF) 10.5 ശതമാനം വളര്‍ന്നത് നേട്ടവുമാണ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it