മൈനസ് അഞ്ചു ശതമാനാകും ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച: എസ് ആന്‍ഡ് പി റേറ്റിംഗ്

ഐ.എം.എഫ് പ്രവചിച്ചത് മൈനസ് 4.5

Indian economy in deep trouble:S &P
-Ad-

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച ഈ വര്‍ഷം മൈനസ് അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി. ആഴമേറിയ പ്രതിസന്ധിയാണ് സമ്പദ്വ്യവസ്ഥയിലുള്ളതെന്ന് ഏജന്‍സി വിലയിരുത്തി.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ മൈനസ് 4.5 ശതമാനത്തിലേക്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ചയെത്തുമെന്നാണ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഈയിടെ പ്രവചിച്ചത്. 2020 ഏപ്രിലില്‍ നടത്തിയ പ്രവചനത്തില്‍ മൈനസ് 1.9 ശതമാനം വളര്‍ച്ചയാണ് ഐ.എം.എഫ് കണക്കാക്കിയത്. അതേസമയം, സമ്പദ്വ്യവസ്ഥയില്‍ 3.2 സങ്കോചം ലോക ബാങ്ക് പ്രവചിക്കുന്നു.

കൊവിഡ്-19നെ പ്രതിരോധിക്കാന്‍ നേരിടുന്ന ക്ലേശം, സര്‍ക്കാരിന്റെ നയങ്ങളോടുള്ള തണുത്ത പ്രതികരണം, ധനകാര്യ മേഖലയിലെ അനിശ്ചിതാവസ്ഥ എന്നിവയാണ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളയാകുന്നതെന്ന് എസ് ആന്‍ഡ് പി അഭിപ്രായപ്പെട്ടു. 2021ല്‍ വളര്‍ച്ച മെച്ചപ്പെടുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

-Ad-

ഏഷ്യ-പസഫിക് മേഖലയുടെ വളര്‍ച്ച 2020ല്‍ നെഗറ്റീവ് 1.3 ശതമാനമായിരിക്കും. അടുത്ത രണ്ടുവര്‍ഷത്തിനിടെ ജി.ഡി.പിയില്‍ മൂന്നു ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 230 ലക്ഷം കോടി രൂപ) നഷ്ടം മേഖലയ്ക്കുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. പക്ഷേ, 2021ല്‍ പോസിറ്റീവ് 6.9 ശതമാനത്തിലേക്ക് വളര്‍ച്ച കുതിച്ചുകയറും.

ഏഷ്യ-പസഫിക് രാജ്യങ്ങള്‍ കൊവിഡ്-19 പ്രതിരോധത്തില്‍ ചില വിജയങ്ങള്‍ കൈവരിച്ചു;  മാക്രോ ഇക്കണോമിക് നയങ്ങളോട് ഫലപ്രദമായി  പ്രതികരിക്കുന്നുമുണ്ട്- എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗിലെ ഏഷ്യ-പസഫിക് ചീഫ് ഇക്കണോമിസ്റ്റ് ഷോണ്‍ റോച്ചെ പറഞ്ഞു. ഇത് ആഘാതം നേരിടാനും വീണ്ടെടുക്കലിന് വഴി തെളിക്കാനും സഹായകമായേക്കുമെന്ന് റോച്ചെ ചൂണ്ടിക്കാട്ടി.

അതിനിടെ, അടുത്ത രണ്ടു വര്‍ഷങ്ങളിലായി ആഗോള ജി.ഡി.പിയില്‍ 12.5 ലക്ഷം കോടി ഡോളറിന്റെ (950 ലക്ഷം കോടി രൂപ) നഷ്ടമുണ്ടാകുമെന്ന് ഐ.എം.എഫ് ചീഫ് എക്കണോമിസറ്റ് ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു. 2020ല്‍ ആഗോള ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 4.9 ശതമാനമായിരിക്കും. 2021ല്‍ വളര്‍ച്ച പോസിറ്റീവ് 5.4 ശതമാനത്തിലേക്ക് മെച്ചപ്പെടുമെന്നും അവര്‍ പറഞ്ഞു. 2020ല്‍ നെഗറ്റീവ് മൂന്നു ശതമാനം ഇടിവാണ് ഐ.എം.എഫ് ആദ്യം പ്രവചിച്ചിരുന്നത്. 2021ല്‍ 5.8 ശതമാനം വളര്‍ച്ചയും വിലയിരുത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here