അസംഘടിത മേഖല ചുരുങ്ങുന്നു, സംഘടിത മേഖല കുതിക്കുന്നു, ഇന്ത്യന്‍ സമ്പദ്ഘടനയിലെ ഈ മാറ്റം ശ്രദ്ധിച്ചോ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അസംഘടിത മേഖലയുടെ പങ്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചുരുങ്ങുന്നു. 2017-18 ല്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ 52.4 ശതമാനം അസംഘടിത മേഖലയുടെ സംഭാവനയായിരുന്നുവെങ്കില്‍ 2020-21ല്‍ ഇത് 15-20 ശതമാനമായാണ് ചുരുങ്ങിയിരിക്കുന്നത്. എസ് ബി ഐ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

''ജിവിഎ (ഗ്രോസ് വാല്യു അഡഡ്)ല്‍ നിലവില്‍ അസംഘടിത ഇക്കോണമിയുടെ സംഭാവന പരമാവധി 15-20 ശതമാനമേ വരാനിടയുള്ളൂ,'' എസ് ബി ഐ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ സൗമ്യകാന്തി ഘോഷ് പറയുന്നു.

2011-12ല്‍ സമ്പദ് വ്യവസ്ഥയില്‍ അസംഘടിത മേഖലയുടെ സംഭാവന 53.9 ശതമാനമായിരുന്നു. 2011-12 മുതല്‍ 2017-18 വരെ സമ്പദ് വ്യവസ്ഥയുടെ സംഘടിതവല്‍ക്കരണത്തിന് വേഗം കുറവായിരുന്നു. എന്നാല്‍ 2017-18 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ ഇതിന് വേഗത കൂടി.

ഡിജിറ്റൈസേഷനും ഗിഗ് ഇക്കോണമിയുമാണ് അസംഘടിത മേഖല ചുരുങ്ങാനും സംഘടിത മേഖലയുടെ സ്വാധീനം വര്‍ധിക്കാനും കാരണമാക്കുന്നതെന്ന് പഠനം വെളിപ്പെടുത്തുന്നു.

ഇന്ത്യന്‍ ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ ഉപജീവനത്തിനായി കഷ്ടപ്പെടുകയും വരുമാനസ്രോതസ്സുകളെ കുറിച്ച് ഒരു വ്യക്തതയില്ലാതെ തുടരുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുകയും പ്രത്യക്ഷ നികുതി സമാഹരണം കൂടുകയും ബിസിനസ് സെന്റിമെന്റ്‌സ് മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. സമ്പദ് ഘടനയില്‍ ഇങ്ങനെ തികച്ചും വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നത് ഇക്കാരണം കൊണ്ടാണെന്ന് പഠനം സൂചിപ്പിക്കുന്നു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it