അമേരിക്കയില്‍ 125,000 തൊഴില്‍ സൃഷ്ടിച്ച് ഇന്ത്യന്‍ കമ്പനികള്‍

അമേരിക്കയില്‍ വന്‍ തോതില്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിഞ്ഞതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ).2019 മാര്‍ച്ചിനു ശേഷം 155 ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ 22 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതിലൂടെ അവിടെ പുതിയതായി 125,000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചെന്ന് സിഐഐ പറയുന്നു.

ടെക്‌സസ്, കാലിഫോര്‍ണിയ, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ വലിയ തോതിലാണ് അമേരിക്കന്‍ പൗരന്മാര്‍ ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുളള ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നത്.കൂടാതെ അമേരിക്കന്‍ പൗരത്വമുളള ഇന്ത്യക്കാര്‍ സാംസ്‌കാരിക, സാമ്പത്തിക, ശാസ്ത്ര മേഖലകളില്‍ രാജ്യത്തിനും ടെക്‌സസിനും വലിയ സംഭാവനകളാണ് നല്‍കിയിട്ടുളളതെന്ന സെനറ്റര്‍ ജോണ്‍ കോര്‍ണ്‍നിയുടെ സാക്ഷ്യവും റിപ്പോര്‍ട്ടിലുണ്ട്.

'ഇന്ത്യന്‍ റൂട്ട്‌സ്, അമേരിക്കന്‍ സോയില്‍ 2020' എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുളളത്. അമേരിക്കയില്‍ ഓരോ സംസ്ഥാനം തിരിച്ച് കമ്പനികളുടെ പട്ടിക റിപ്പോര്‍ട്ടിലുണ്ട്. യുഎസിലെ എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് സാന്നിധ്യമുണ്ടെന്ന് സിഐഐ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ ഡിസി, പ്യൂര്‍ട്ടോ റിക്കോ എന്നിവടങ്ങളിലും ഇന്ത്യന്‍ കമ്പനികള്‍ സജീവമാണ്.

ന്യൂജഴ്‌സി, ടെക്‌സസ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക്, ഇല്ലിനോയിസ്, ജോര്‍ജിയ എന്നിവയാണ് ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനങ്ങള്‍. ടെക്സസ്, ന്യൂജഴ്‌സി, ന്യൂയോര്‍ക്ക്, ഫ്ളോറിഡ, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിലാണ് തങ്ങള്‍ക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപമുള്ളതെന്ന് (എഫ്ഡിഐ) സര്‍വേയില്‍ പങ്കെടുത്ത കമ്പനികള്‍ വെളിപ്പെടുത്തിയതായി സിഐഐ പറഞ്ഞു. ഐ ടി മേഖലയിലാണ് 27.10% നിക്ഷേപമുള്ളത്. ലൈഫ് സയന്‍സസില്‍ 24.52 %, മാനുഫാക്ചറിംഗ് കമ്പനികളില്‍ 19.35 % , വാഹന നിര്‍മ്മാണ മേഖലയില്‍ 10.32 % എന്നിങ്ങനെയുമാണ് ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപ വിഹിതം.

ഇന്ത്യന്‍ കമ്പനികള്‍ സി.എസ്.ആര്‍ പദ്ധതികളില്‍ 175 ദശലക്ഷം ഡോളര്‍ അമേരിക്കയില്‍ ചെലവഴിച്ചു.ഗവേഷണ, വികസനങ്ങള്‍ക്കായി 900 ദശലക്ഷം ഡോളറും.അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള മൊത്തം സംഭാവന റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ അധികമാണെന്നും കോവിഡ് പ്രതിസന്ധി മറികടക്കുന്നതില്‍ ഗണ്യമായ പങ്കാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് അമേരിക്കയില്‍ വഹിക്കാനുള്ളതെന്നും സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it