ഇന്ത്യക്ക് 7.8% സാമ്പത്തിക വളര്‍ച്ച; ചൈനയും അമേരിക്കയും ബ്രിട്ടനും ഏറെ പിന്നില്‍

പ്രവചനങ്ങള്‍ ഏറെക്കുറെ ശരിവച്ച്, നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ ഇന്ത്യ 7.8 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി/GDP) വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാനിരക്കാണിത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ വളര്‍ച്ച 6.1 ശതമാനമായിരുന്നു.

ഇന്ത്യ 7.5 മുതല്‍ 8.5 ശതമാനം വരെ വളര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും ധനകാര്യ ഏജന്‍സികളും പൊതുവേ വിലയിരുത്തിരുന്നത്. അതേസമയം റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത് ഇന്ത്യ എട്ട് ശതമാനം വളരുമെന്നായിരുന്നു.
₹40.37 ലക്ഷം കോടി

നടപ്പുവര്‍ഷം ഏപ്രില്‍-ജൂണില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 40.37 ലക്ഷം കോടി രൂപയാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ/NSO) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

2022-23ലെ ആദ്യപാദത്തില്‍ ഇത് 37.44 ലക്ഷം കോടി രൂപയായിരുന്നു; അതായത് കഴിഞ്ഞപാദത്തില്‍ വളര്‍ച്ച 7.8 ശതമാനം.
അതേസമയം, പാദാടിസ്ഥാനത്തില്‍ ജി.ഡി.പി മൂല്യം കുറയുകയാണുണ്ടായത്. ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി 43.62 ലക്ഷം കോടി രൂപയായിരുന്നു.
നാല് പാദങ്ങളിലെ അതിവേഗ വളര്‍ച്ച
കഴിഞ്ഞ വര്‍ഷത്തെ (2022-23) ഏപ്രില്‍-ജൂണില്‍ ഇന്ത്യ 13.5 ശതമാനം ജി.ഡി.പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഇതുപക്ഷേ, തൊട്ടുമുന്‍ വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച കൊവിഡും റഷ്യ-യുക്രെയിന്‍ യുദ്ധവും മൂലം കുത്തനെ കുറഞ്ഞതിനാലാണ് വലിയ വളര്‍ച്ചയായി തോന്നുന്നത്.
നടപ്പുവര്‍ഷം ജൂണ്‍പാദത്തിലെ വളര്‍ച്ച, കഴിഞ്ഞ നാല് പാദങ്ങളിലെ ഏറ്റവും ഉയര്‍ന്നതാണ്. കഴിഞ്ഞവര്‍ഷം ജൂലായ്-സെപ്തംബറില്‍ 6.3 ശതമാനം, ഒക്ടോബര്‍-ഡിസംബറില്‍ 4.4 ശതമാനം, ജനുവരി-മാര്‍ച്ചില്‍ 6.1 ശതമാനം എന്നിങ്ങനെയായിരുന്നു വളര്‍ച്ച.
കരുത്തായി മാനുഫാക്ചറിംഗ്, ധനകാര്യം, വ്യാപാരം
കഴിഞ്ഞപാദത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ സഹായിച്ചത് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ മാനുഫാക്ചറിംഗ്, ഖനനം, വ്യാപാരം, ഹോട്ടല്‍, ഗതാഗതം, ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ്, പൊതുഭരണം, പ്രതിരോധം എന്നീ മേഖലകളുടെ മികച്ച പ്രകടനമാണ്.
ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചിലെ 4.5 ശതമാനത്തില്‍ നിന്ന് 4.7 ശതമാനത്തിലേക്ക് മാനുഫാക്ചറിംഗ് മേഖല വളര്‍ച്ച മെച്ചപ്പെടുത്തി. ഖനന മേഖല 4.3ല്‍ നിന്ന് 5.8 ശതമാനത്തിലേക്കും വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍, സേവന മേഖല 9.1ല്‍ നിന്ന് 9.2 ശതമാനത്തിലേക്കും ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ്, പ്രൊഫഷണല്‍ സര്‍വീസ് മേഖല 7.1ല്‍ നിന്ന് 12.2 ശതമാനത്തിലേക്കും വളര്‍ച്ചാനിരക്ക് ഉയര്‍ത്തി.
പൊതുഭരണം, പ്രതിരോധ മേഖലയുടെ വളര്‍ച്ച 3.1ല്‍ നിന്ന് 7.9 ശതമാനത്തിലേക്കും മെച്ചപ്പെട്ടത് കഴിഞ്ഞപാദത്തില്‍ മികച്ച സമ്പദ്‌വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് സഹായകമായി.
ഇന്ത്യക്ക് തിളക്കം
ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ (മേജര്‍) സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം നിലനിറുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞപാദത്തിലും കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക,​ രാഷ്ട്രീയ രംഗത്തെ ബദ്ധവൈരിയായ ചൈന കഴിഞ്ഞപാദത്തില്‍ വളര്‍ന്നത് 6.3 ശതമാനമാണ്. അമേരിക്ക 2.4 ശതമാനം, യു.കെ 0.2 ശതമാനം, ഫ്രാന്‍സ് ഒരു ശതമാനം, ജപ്പാന്‍ 1.5 ശതമാനം, ഇന്‍ഡോനേഷ്യ 5.17 ശതമാനം, സൗദി അറേബ്യ 1.1 ശതമാനം എന്നിങ്ങനെയുമാണ് കഴിഞ്ഞ പാദത്തില്‍ വളര്‍ന്നത്. യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മ്മനിയുടെ വളര്‍ച്ച കഴിഞ്ഞപാദത്തിലും നെഗറ്റീവാണ്; മൈനസ് 0.2 ശതമാനം.
നടപ്പുവര്‍ഷം പ്രതീക്ഷ 6.5%
നടപ്പുവര്‍ഷം (2023-24) ഇന്ത്യ 6.5 ശതമാനം ജി.ഡി.പി വളര്‍ച്ച നേടുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) വി. അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടു.
6.5 ശതമാനം വളര്‍ച്ചാ അനുമാനമാണ് റിസര്‍വ് ബാങ്കിനുമുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കേന്ദ്രവും റിസര്‍വ് ബാങ്കും ഉചിതമായ നടപടികളെടുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. മണ്‍സൂണ്‍ തിരിച്ചടിയാവില്ലെന്നും പ്രതീക്ഷിച്ച ജി.ഡി.പി വളര്‍ച്ച ഈ വര്‍ഷം നേടാന്‍ ഇന്ത്യക്കാകുമെന്നും അദ്ദേഹം പറഞ്ഞു. 2022-23ല്‍ ഇന്ത്യ 7.2 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it