ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ 6-8% ഇടിവുണ്ടാകും: ക്രിസില്‍
പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കരകൗശല വ്യവസായത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 6-8% ഇടിവുണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് അറിയിച്ചു. ഇതോടെ ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 330 കോടി ഡോളറിലെത്തുമെന്നും ക്രിസില്‍ റിപ്പേര്‍ട്ട് പറയുന്നു. പ്രധാന ആഗോള വിപണികളിലെ മാന്ദ്യം മൂലം മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടായിരുന്നു.
ചൈനയും ഭീഷണി
ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇന്ത്യന്‍ കരകൗശല കയറ്റുമതിക്കാര്‍ ചൈനീസ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ഡയറക്ടര്‍ രാഹുല്‍ ഗുഹ പറഞ്ഞു.
കരകൗശല വിപണികള്‍
ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ 60 ശതമാനം വില്‍പ്പനയും യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലാണ്. ഈ പ്രദേശങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യന്‍ കരകൗശല വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇവിടങ്ങളില്‍ നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഉപഭോക്തൃ ചെലവുകള്‍ കുറയ്ക്കുന്നു. ഇത് മൂലം ഇന്ത്യന്‍ കരകൗശല വ്യവസായത്തിന് ലഭ്യമായ വിപണി വിഹിതം ഇവിടങ്ങളില്‍ കുറയും.