രൂപയല്ല, റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ കൊടുക്കുന്നത് ചൈനീസ് യുവാന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ചില എണ്ണ ശുദ്ധീകരണ കമ്പനികള്‍ രൂപയെ തഴഞ്ഞ് ചൈനീസ് കറന്‍സിയായ യുവാന്‍ നല്‍കി റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനി ചൈനീസ് കറന്‍സി ഉപയോഗിക്കുന്നത്. യുവാനെ ആഗോള കറന്‍സിയായി ഉയര്‍ത്താനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ഇത് ഗുണകരമാകും.

യുവാനിലേക്കുള്ള നീക്കം

യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ഉപരോധത്തിന്റെ ഭാഗമായി റഷ്യയെ ഡോളറിലും യൂറോയിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കാത്തതിനാലാണ് പ്രധാനമായും കമ്പനി യുവാന്‍ ഉപയോഗിച്ചു തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല രൂപ-റൂബിള്‍ ഇടപാട് തടസ്സപ്പെട്ടതും മറ്റൊരു കാരണമാകാമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അതായാത് മദ്ധ്യേഷ്യന്‍ രാജ്യങ്ങളെ മറികടന്ന് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി റഷ്യ മാറിയതോടെ രൂപ-റൂബിള്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള നടപടികളുണ്ടായിരുന്നു. എന്നാല്‍ റഷ്യന്‍ ബാങ്കുകളുടെ ഇന്ത്യയിലെ വോസ്‌ട്രോ എക്കൗണ്ടുകളില്‍ രൂപ കുമിഞ്ഞു കൂടുന്ന സാഹചര്യമാണുണ്ടാകുകയും ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ ഉത്പന്ന കയറ്റുമതി ഇല്ലാത്തതിനാല്‍ ഇരു കറന്‍സികളും തമ്മിലുള്ള ഇടപാട് തടസ്സപ്പെടുകയുമായിരുന്നു. ഇതും യുവാനിലേക്കുള്ള നീക്കത്തിന് കാരണമായതായി റിപ്പോര്‍ട്ടുള്‍ പറയുന്നു.

മറ്റ് കമ്പനികളും

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനും റഷ്യന്‍ ക്രൂഡിന് യുവാനില്‍ പണം നല്‍കുന്നത് പരിഗണിക്കുന്നതായും പറയുന്നുണ്ട്. റിയലന്‍സ് ഇന്‍ഡസ്ട്രീസ്, നയാര എനര്‍ജി, എച്ച്പിസിഎല്‍ മിത്തല്‍ എനര്‍ജി ലിമിറ്റഡ് എന്നിവ രാജ്യത്തെ സ്വകാര്യമേഖലയിലെ വന്‍കിട എണ്ണ ശുദ്ധീകരണ കമ്പനികളാണ്. അതേസമയം, യുവാനിലുള്ള ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ 42 ശതമാനവും ഇപ്പോള്‍ റഷ്യയില്‍ നിന്നാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it