മിന്നിത്തിളങ്ങി ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണി; മുന്‍നിരയില്‍ ഈ ബ്രാന്‍ഡുകള്‍

ഇന്ത്യന്‍ സ്മാര്‍ട്ട് വാച്ച് വിപണി വന്‍ വളര്‍ച്ച കൈവരിക്കുകയും ആഗോള തലത്തില്‍ മികച്ച പ്രകടനം നടത്തിയതായും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 2023-ല്‍ ഈ നേട്ടം ആവര്‍ത്തിച്ചുകൊണ്ട് ആഗോള എതിരാളിയായ ചൈനീസ് വിപണിയെ ഇത് മറികടക്കുമെന്ന് ആഭ്യന്തര വിപണി പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

2022 ലെ രണ്ടാം പാദത്തില്‍ ഇന്ത്യ ആദ്യമായി ആഗോളതലത്തില്‍ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി ചൈനയെ മറികടന്നു. രണ്ടാം സ്ഥാനത്തായിരുന്ന ചൈന ഇത്തരത്തില്‍ കയറ്റുമതിയില്‍ 10 ശതമാനം ഇടിവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കൗണ്ടര്‍പോയിന്റ് അനുസരിച്ച് 2022 ലെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്മാര്‍ട്ട് വാച്ച് വിപണി 171 ശതമാനം വളര്‍ന്ന് ആഗോളതലത്തില്‍ ഏറ്റവും വലിയ സ്മാര്‍ട്ട് വാച്ച് വിപണിയായി.

പണപ്പെരുപ്പവും ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങളും പോലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ജൂണ്‍ പാദത്തില്‍ ആഗോള വിപണി വിഹിതത്തില്‍ ഫയര്‍-ബോള്‍ട്ട്, നോയ്‌സ് തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഒന്നാം സ്ഥാനത്തെത്തി. ആഗോള റാങ്കിംഗിലും തങ്ങള്‍ ഉയര്‍ന്നുവെന്നും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്മാര്‍ട്ട് വാച്ച് ബ്രാന്‍ഡാണ് തങ്ങളുടേതെന്നും ഫയര്‍-ബോള്‍ട്ടിന്റെ സ്ഥാപകനും സിഇഒയുമായ അര്‍ണവ് കിഷോര്‍ പറഞ്ഞു.

2022 സാമ്പത്തിക വര്‍ഷം 850 കോടി രൂപയില്‍ അവസാനിച്ചുവെന്നും 2023 സാമ്പത്തിക വര്‍ഷം 2,000 കോടി രൂപയില്‍ പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും നോയ്‌സ് സഹസ്ഥാപകന്‍ അമിത് ഖത്രി പറഞ്ഞു. ഇന്ത്യയില്‍ സ്മാര്‍ട്ട് വെയറബിളുകളുടെ ഉത്പാദനം പ്രാദേശികവല്‍ക്കരിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബിസിനസുകളിലൊന്നായത് കൊണ്ട് തന്നെ 80 ശതമാനം ഉല്‍പ്പാദനം വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ കൊണ്ടുവരുന്നതിലും തങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Next Story

Videos

Share it